കശ്മീരില്‍ ഈ വര്‍ഷം ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 62 സായുധര്‍

Update: 2022-04-28 14:25 GMT

ശ്രീനഗര്‍: ഈ വര്‍ഷം ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത് 62 സായുധരാണെന്ന് ജമ്മു കശ്മീര്‍ പോലിസ്. അതില്‍ 39 പേര്‍ ലഷ്‌കര്‍ പ്രവര്‍ത്തകരാണ്.

കൊല്ലപ്പെട്ടവരില്‍ പ്രദേശവാസികള്‍ 47 പേര്‍ വരും. 32 പേര്‍ സായുധ സംഘത്തില്‍ ചേര്‍ന്ന് മൂന്ന് മാസത്തിനുള്ളിലാണ് കൊല്ലപ്പെട്ടത്.

സായുധസംഘങ്ങളുടെ അതിജീവനക്ഷമത കശ്മീരില്‍ പോലിസ് ഇടപെടലോടെ വലിയ തോതില്‍ ഇടിഞ്ഞതായി ഐജി (കശ്മീര്‍ പോലിസ്) വിജയ് കുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ 39 പേര്‍ ലഷ്‌കര്‍ പ്രവര്‍ത്തകരും 15 പേര്‍ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരും ആണ്. 6 പേര്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരാണ്. രണ്ടു പേര്‍ അല്‍ ബദര്‍ അംഗങ്ങളുമാണ്.

അല്‍ ബദര്‍ വിഭാഗത്തില്‍പ്പെട്ട സായുധര്‍ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ടത്. ഐസാജ് ഹാഫിസ്, ഷാഹിദ് അയൂബ് എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് എകെ 47 ആയുധങ്ങള്‍ കണ്ടുകിട്ടി.