യുപിയില്‍ പതിനാറ്കാരനായ ദലിത് ആണ്‍കുട്ടി ജുവനൈല്‍ ഹോമില്‍ തൂങ്ങിമരിച്ച നിലയില്‍; ജാതിപീഡനമെന്ന് കുടുംബം
ബുലന്ദ്ഷഹര്‍: യുപിയിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ ജുവനൈല്‍ ഹോമില്‍ 16കാരനായ ദലിത് ആണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തന്റെ മകനെ ജുവനൈല്‍ ഹോമിലെ അന്തേവാസികള്‍ അടിച്ചുകൊന്നതാണെന്നും ജാതിപീഡനമാണ് നടന്നതെന്നും കുടുംബം ആരോപിച്ചു.
''തിങ്കളാഴ്ച വൈകീട്ട് എനിക്ക് ഒരു ഫോണ്‍വന്നു. മകന്‍ തൂങ്ങിമരിച്ചതായി അവര്‍ അറിയിച്ചു. അവന്‍ കൊലചെയ്യപ്പെട്ടതാണെന്ന് എനിക്ക് ഉറപ്പാണ്'' മരിച്ച കുട്ടിയുടെ പിതാവ് പറഞ്ഞു. നഗരത്തിലെ ഒരു വഴിയോരക്കച്ചവടക്കാരനാണ് അദ്ദേഹം.
''രണ്ട് ദിവസം മുമ്പ് അവനെ കണ്ടിരുന്നു. അവന്‍ വലിയ ബുദ്ധിമുട്ടിലായിരുന്നു. ജുവനൈല്‍ ഹോമിലെ ജീവനക്കാരുമായി ചേര്‍ന്ന് അന്തേവാസികള്‍ അവനെ പീഡിപ്പിച്ചു. അവനെ പുറത്തിറക്കണമെന്നും അന്നവന്‍ കരഞ്ഞുപറഞ്ഞു. അവന്റെ വാരിയെല്ലുകള്‍ തകര്‍ത്തു. ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. അരക്കെട്ടിലെ എല്ലുകളും തര്‍ന്നിരുന്നു. ഞാനെന്താണ് ചെയ്യുക? അവനെ പുറത്തിറക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. ഇപ്പോള്‍ അവന്‍ മരിച്ചു'' പിതാവ് പറഞ്ഞു.
കഴിഞ്ഞ ജൂലൈ 30നാണ് 16കാരനെ ജുവനൈല്‍ ഹോമിലടച്ചത്. ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയുമായി ഓടിപ്പോയെന്നായിരുന്നു ആരോപിക്കപ്പെട്ട കുറ്റം.
സവര്‍ണ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നെന്നും അവള്‍ക്കും അവന്റെ അതേ പ്രായമാണെന്നും മരിച്ച കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. അമോറയിലെ ഒരേ കെട്ടിടത്തിലാണ് രണ്ടു കുടുംബവും താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കുടുംബം സ്ഥലം മാറിപ്പോയെങ്കിലും ഇരുവരും പരസ്പരം കണ്ടുമുട്ടിയിരുന്നു.
പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് കുറച്ചുദിവസം മുമ്പ് ഇരുവരും ഓടിപ്പോയി. പെണ്‍കുട്ടിയുടെ കുടുംബം കേസ് കൊടുത്തു. അങ്ങനെയാണ് ജുവനൈല്‍ ഹോമില്‍ അടക്കപ്പെടുന്നത്.
തങ്ങളുടെ മകനെ സവര്‍ണരായ അന്തേവാസികള്‍ ജീവനക്കാരുടെ സഹായത്തോടെ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന് കുടുംബം പറഞ്ഞു. സവര്‍ണ പെണ്‍കുട്ടിയുമായി ഓടിപ്പോവാന്‍ കാണിച്ച ധൈര്യത്തെ അവര്‍ ചോദ്യം ചെയ്തു. ജാതീയമായും അക്ഷേപിക്കാറുണ്ട്.
ജുവനൈല്‍ ഹോമിലെ ജീവനക്കാരോട് തന്റെ മകനെ രക്ഷിക്കണമെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. പക്ഷേ, അവരത് ചെവികൊണ്ടില്ല. എത്ര പരാതി നല്‍കിയോ അത്രയും മര്‍ദ്ദനമേല്‍ക്കേണ്ടിവന്നു.
ആഗസ്തില്‍ മറ്റ് നാല് പേര്‍ക്കൊപ്പം ഒളിച്ചോടാനും ശ്രമിച്ചിരുന്നു. നിരന്തരമായ പീഡനമാണ് അതിന് കാരണമെന്നും പിതാവ് പറഞ്ഞു. പിന്നീട് പിതാവിന്റെ ഉപദേശമനുസരിച്ച് അവന്‍ കീഴടങ്ങിയെങ്കിലും അനുഭവം കൂടുതല്‍ മോശമായി.
പിതാവിന്റെ പരാതിയില്‍ എട്ട് പേര്‍ക്കെതിരേ കേസെടുത്തു. അതില്‍ അഞ്ച് പേര്‍ അന്തേവാസികളാണ്. രണ്ട് പേര്‍ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനുമാണ്.
കൊലപാതകം, ഗൂഢാലോചന, എസ് സി എസ് ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

