ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; കൊലപാതകത്തിന് മുമ്പ് ലൈംഗികാതിക്രമം: പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട്
ബെംഗളൂരു: വൈറ്റ്ഫീല്‍ഡ് പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ആറ് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പുതിയ വെളിപ്പെടുത്തല്‍. പ്രതി പെണ്‍കുട്ടിയെ കൊല്ലുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
പ്രതിയായ യൂസഫ് മിറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി 10 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ആറ് മാസം മുമ്പാണ് യൂസഫ് മിര്‍ നഗരത്തിലെത്തിയതെന്നും ആക്രി കച്ചോടം ചെയ്തുവരികയായിരുന്നെന്നും പോലിസ് പറഞ്ഞു.
പട്ടണ്ടൂരിലെ അഗ്രഹാരയില്‍ അയല്‍വാസികളായിരുന്നു പ്രതിയും ഇരയായ പെണ്‍കുട്ടിയുടെ കുടുംബവും. സംഭവത്തിന് മുമ്പ് അയാള്‍ ഇരയുടെ കുടുംബാംഗങ്ങളുമായി വഴക്കിട്ടിരുന്നു.
ജനുവരി 5 ന് രാവിലെ, പെണ്‍കുട്ടി വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്നപ്പോള്‍ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒരു ചാക്കില്‍ നിറച്ച്, തന്റെ ചവറ്റുകുട്ടകള്‍ ശേഖരിക്കുന്ന സൈക്കിളില്‍ കൊണ്ടുപോയി. ശേഷം, നല്ലൂരഹള്ളിയിലെ ഒരു ക്ഷേത്രത്തിന് സമീപമുള്ള ഒരു അഴുക്കുചാലില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. യൂസഫ് മിര്‍ ട്രെയിനില്‍ പശ്ചിമ ബംഗാളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
