സമ്പത്ത് വര്‍ധിക്കാന്‍ ആറ് വയസ്സുകാരനെ ബലി നല്‍കി; ഡല്‍ഹിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Update: 2022-10-03 05:32 GMT

ന്യൂഡല്‍ഹി: സമ്പത്തും ഐശ്വര്യവും വര്‍ധിക്കാന്‍ ഡല്‍ഹിയില്‍ ആറുവയസ്സുകാരനെ ബലി നല്‍കി. സംഭവത്തില്‍ ബിഹാര്‍ സ്വദേശികളായ നിര്‍മാണത്തൊഴിലാളികള്‍ അറസ്റ്റിലായി. വിജയ് കുമാര്‍(19), അമര്‍ കുമാര്‍ (19) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ലഹരി ഉപയോഗിച്ച ശേഷമാണ് കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഡല്‍ഹിയിലെ ലോധി കോളനിയില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. സമ്പത്ത് വര്‍ധിക്കാന്‍ കുട്ടിയെ ബലി നല്‍കാന്‍ ദൈവം ആവശ്യപ്പെട്ടതനുസരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ പാചകം ചെയ്യുന്ന സ്ഥലത്തേക്ക് ഇവര്‍ വിളിച്ചുവരുത്തി.

കഞ്ചാവിന്റെ ലഹരിയിലായിരുന്ന ഇവര്‍ കറിക്കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. യുപിയില്‍ നിന്നെത്തിയ നിര്‍മാണത്തൊഴിലാളികളുടെ മകനാണ് കൊല്ലപ്പെട്ടത്. പ്രതികളും കുട്ടിയുടെ മാതാപിതാക്കളും കെട്ടിട നിര്‍മാണത്തൊഴിലാളികളായി ജോലിചെയ്യുകയായിരുന്നു. ഇവരെല്ലാം ഒരേ പ്രദേശത്താണ് താമസിക്കുന്നത്. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ താമസിക്കുന്ന കുടിലില്‍നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടു.

കൂടുതല്‍ പരിശോധനയിലാണ് കട്ടിലിന്റെ അടിയില്‍ കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. വിജയും അമറും കുറ്റം സമ്മതിക്കുകയും 'അഭിവൃദ്ധി' നേടുന്നതിനായി കുട്ടിയെ കൊന്നതായി പോലിസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സൗത്ത്) ചന്ദന്‍ ചൗധരി പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), 34 (പൊതു ഉദ്ദേശം) എന്നിവ പ്രകാരം കേസെടുത്തതായി പോലിസ് അറിയിച്ചു.

ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധരും ക്രൈം ടീമും സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റിയതായി ഡിസിപി അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച അടുക്കള കത്തിയും കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ലോധി റോഡിന് സമീപമുള്ള നിര്‍മാണ സ്ഥലത്ത് കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ മകന്റെ മൃതദേഹം കൈയില്‍ പിടിച്ച് കരയുന്നത് കണ്ടതായി പോലിസ് പറഞ്ഞു.

Tags:    

Similar News