കാഞ്ഞിരക്കൊല്ലിയില്‍ പോലിസിനെ ആക്രമിച്ച പട്ടാളക്കാര്‍ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍

Update: 2021-12-13 12:24 GMT

പയ്യാവൂര്‍: കാഞ്ഞിരക്കൊല്ലി റിസോര്‍ട്ടില്‍ മദ്യലഹരിയില്‍ റിസോര്‍ട്ട് മാനേജറെ ആക്രമിച്ച വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലിസുകാരെ ആക്രമിച്ച സൈനികരടക്കം ആറു പേരെ പയ്യാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തു.

സൈനികനായ മയ്യില്‍ വേളം സ്വദേശികളായ ശ്രീവത്സത്തില്‍ ടി വി രൂപേഷ് (31), സിആര്‍പിഎഫ് ജവാന്‍ യു പി പ്രണവ് (29), യു പി.ലിഷ്ണു (27), ടി പി അനൂപ് (30), ആര്‍മി ഉദ്യോഗസ്ഥരായ കെ അഭിലാഷ്(32), യു പി ലിപിന്‍ (31) എന്നിവരെയാണ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഉഷാദേവിയും സംഘവും അറസ്റ്റു ചെയ്തത്. സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐയും പോലിസുകാരെയുമാണ് ആറംഗ സംഘം ആക്രമിച്ചത്.

കാഞ്ഞിരക്കൊല്ലിയിലെ കന്മദം റിസോര്‍ട്ടില്‍ എത്തിയ സംഘം അവിടെ വെച്ച് ശനിയാഴ്ച രാത്രി പത്ത് മണിയോടെ മദ്യപിച്ച് ബഹളം വെക്കുകയും റിസോര്‍ട്ട് മാനേജരായ ഉളിക്കല്‍ സ്വദേശി സന്തോഷ് ജോര്‍ജിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. അവര്‍ ഫര്‍ണിച്ചറുകളും തകര്‍ത്തു. റിസോര്‍ട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അവരെയും ഇവര്‍ ആക്രമിച്ചു. ഗ്രേഡ് എസ്‌ഐ രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സൂരജ് ജോസ്, സിവില്‍ പോലിസ് ഓഫിസര്‍ ദീപു എന്നിര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.

ഇവര്‍ ഗ്രേഡ് എസ് ഐ.രാമചന്ദ്രന്റെ കഴുത്തിന് പിടിച്ച് മുഖത്തടിക്കുകയും പോലിസുകാരെ മര്‍ദ്ദിച്ച ശേഷം മുറിയില്‍ പൂട്ടിയിടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്‌റ്റേഷനില്‍ നിന്നും കൂടുതല്‍ പോലിസ് സ്ഥലത്തെത്തിയാണ് ഇവരെ രക്ഷിച്ചത്. അക്രമത്തില്‍ സാരമായി പരിക്കേറ്റ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റിസോര്‍ട്ട് മാനേജറുടെ പരാതിയിലും പോലിസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും ആക്രമിച്ചതും ഉള്‍പ്പെടെ രണ്ടു കേസുകളിലുമാണ് പ്രതികള്‍ അറസ്റ്റിലായത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.