ആറ് മാസത്തോളം പഴക്കമുള്ള തലയോട്ടി കണ്ടെത്തി; കാണാതായ വയോധികയുടെ ഭര്‍ത്താവ് കസ്റ്റഡിയില്‍
തലശ്ശേരി: കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തില്‍ നിന്നും സ്ത്രീയുടെ തലയോട്ടി കണ്ടെത്തി. മാസങ്ങളോളം പഴക്കമുള്ള തലയോട്ടിയാണ് കെട്ടിടത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ തമിഴ്നാട് സേലം സ്വദേശിനിയായ വയോധികയുടേതാണ് ഈ തലയോട്ടിയെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ കാണാതായ വയോധികയുടെ ഭര്‍ത്താവിനെ തലശ്ശേരി പോലിസ് കസ്റ്റഡിയിലെടുത്തു. കൊലപാതക സാധ്യത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിച്ചുവരികയാണ്. തലയോട്ടിക്ക് ഏകദേശം ആറ് മാസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ഉടന്‍ നടത്തുമെന്ന് പോലിസ് അറിയിച്ചു.