23 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികള്‍ പിടിയില്‍

Update: 2026-02-07 09:28 GMT

ചെന്നൈ: തായ്ലന്‍ഡില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 23 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി ആറ് മലയാളികള്‍ പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് ഇവര്‍ കസ്റ്റംസിന്റെ വലയില്‍ കുടുങ്ങിയത്. ബാങ്കോക്കില്‍ നിന്നുള്ള രണ്ട് വ്യത്യസ്ത വിമാനങ്ങളിലായി എത്തിയ ഇവരില്‍ നിന്ന് ആകെ 23 കിലോ കഞ്ചാവാണ് പിടികൂടിയത്.

ടൂറിസ്റ്റ് വിസയില്‍ തായ്ലന്‍ഡിലേക്ക് പോയ പ്രതികള്‍ അവിടെ എത്തി അടുത്ത ദിവസം തന്നെ മടങ്ങിയത് ഉദ്യോഗസ്ഥരില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് അന്താരാഷ്ട്ര വിപണിയില്‍ വന്‍ വിലയുള്ള ഹൈഡ്രോപോണിക് കഞ്ചാവ് കണ്ടെത്തിയത്.

ഭക്ഷണപ്പൊതികളിലും ചോക്ലേറ്റ് പാക്കറ്റുകളിലും അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. കാസര്‍കോട്, കൊച്ചി സ്വദേശികളായ ഇവര്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

പിടിയിലായവര്‍ ബിരുദധാരികളും വിദഗ്ധരായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരുമാണ്. വിദ്യാഭ്യാസത്തിന് അനുയോജ്യമായ ജോലി ലഭിക്കാത്തതും നിലവിലെ ജോലിയിലെ തുച്ഛമായ വരുമാനവുമാണ് തങ്ങളെ ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.ആദ്യ സംഘത്തില്‍ നിന്ന് 15 കോടിയുടെയും രണ്ടാമത്തെ സംഘത്തില്‍ നിന്ന് 8 കോടിയുടെയും കഞ്ചാവ് പിടിച്ചെടുത്തു. വിദേശത്ത് മയക്കുമരുന്ന് റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: