ഹസാരിബാഗില്‍ കാട്ടാനാക്രമണം; ഒരു കുടുംബത്തിലെ നാലു പേര്‍ ഉള്‍പ്പെടെ ആറു മരണം
റാഞ്ചി: ജാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഹസാരിബാഗ് ജില്ലയില്‍ കാട്ടാനാക്രമണത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലാണ്. മുന്‍പ് മനുഷ്യജീവന്‍ അപഹരിച്ചിട്ടുള്ള അതേ ആനക്കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് വനവകുപ്പ് അധികൃതര്‍ അറിയിച്ചു.
ചര്‍ച്ചു ബ്ലോക്കിലെ ഗോണ്ഡ്വാര്‍ ഗ്രാമത്തിലേക്ക് ഇന്നലെ രാത്രിയോടെ കടന്നുകയറിയ കാട്ടാനകള്‍ പുലര്‍ച്ചെയോടെ വീടുകള്‍ തകര്‍ക്കുകയും ഗ്രാമവാസികളെ ആക്രമിക്കുകയുമായിരുന്നു. വീടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറു പേര്‍ ചവിട്ടേറ്റ് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളായി ജില്ലാ അതിര്‍ത്തിയോട് ചേര്‍ന്ന വനമേഖലയില്‍ ആനക്കൂട്ടം സഞ്ചരിച്ചുവരികയായിരുന്നു. സമീപ ജില്ലയിലെ ബൊകാരോ ജില്ലയിലും പ്രദേശത്തും ഇവര്‍ മുന്‍പ് ആക്രമണം നടത്തിയതായി അധികൃതര്‍ വ്യക്തമാക്കി.
ഗ്രാമത്തിലേക്ക് കാട്ടാനകള്‍ കടന്നുവെന്ന വിവരം നേരത്തെ തന്നെ നാട്ടുകാരെ അറിയിച്ചിരുന്നുവെന്ന് ഹസാരിബാഗ് ഈസ്റ്റ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ വികാസ് കുമാര്‍ ഉജ്ജ്വല്‍ അറിയിച്ചു. സംഭവത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. പ്രദേശത്ത് നിന്ന് കാട്ടാനകളെ ഒഴിപ്പിക്കാന്‍ ദ്രുതപ്രതികരണ സംഘത്തെ വിന്യസിച്ചതായും അധികൃതര്‍ അറിയിച്ചു.