പാലക്കാട് ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച; സ്ത്രീകളടക്കം ആറുപേര്‍ പിടിയില്‍

Update: 2022-10-04 07:09 GMT

പാലക്കാട്: വടക്കഞ്ചേരിയില്‍ ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ആറുപേര്‍ പിടിയിലായി. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ പിടിയിലായ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. 25 പവന്‍ സ്വര്‍ണവും 10,000 രൂപയുമാണ് സംഘം കവര്‍ന്നത്. സപ്തംബര്‍ 22നാണ് ചുവട്ടുപാടം സ്വദേശിയായ സാമിനെയും ഭാര്യയെയും കെട്ടിയിട്ട് സംഘം കവര്‍ച്ച നടത്തിയത്. ദേശീയ പാതയ്ക്ക് സമീപമാണ് ദമ്പതികളുടെ വീട്. വീടിന് മുന്നിലെത്തിയ കവര്‍ച്ചാസംഘം വാഹനം നിര്‍ത്തി ഹോണ്‍ മുഴക്കി.

നിര്‍ത്താതെ ഹോണ്‍ മുഴങ്ങുന്ന ശബ്ദം കേട്ട് ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഈ സമയം ആറംഗ സംഘം ദമ്പതികളെ ബന്ധിയാക്കിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന പ്രാഥമിക നിഗമനത്തില്‍ പോലിസ് ചിലരെ പിടികൂടിയിരുന്നു. കവര്‍ച്ച സംഘത്തിലെ ആളുകളുമായി ബന്ധപ്പെട്ടവരായിരുന്നു ഇവര്‍. തുടര്‍ന്ന് ഇവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പോലിസ് പ്രതികളെ പിടികൂടിയത്.

Tags: