റായ്പൂര്‍: ഗ്രാജുവേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇന്‍ എഞ്ചിനീയറിങ് (ഗേറ്റ്) പരീക്ഷയില്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ച് കോപ്പിയടിച്ചു. ഹരിയാന സ്വദേശികളായ മൂന്ന് എഞ്ചിനീയറിങ് ബിരുദധാരികള്‍ ഉള്‍പ്പെടെ ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ ഡിഡി നഗര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സരോണയിലെ അയോണ്‍ ഡിജിറ്റല്‍ സോണ്‍ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം.
പരീക്ഷാ കേന്ദ്രത്തിന് പുറത്ത് സംശയാസ്പദമായി കറങ്ങി നടന്ന മൂന്നു പോരെ പോലിസ് കസ്റ്റഡിയിലെടുത്തതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇവര്‍ ഹരിയാനയില്‍ നിന്നെത്തിയ മൂന്ന് ഉദ്യോഗാര്‍ഥികളെ പരീക്ഷയില്‍ സഹായിച്ചതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പരീക്ഷ ഹാളിനുള്ളില്‍ ഇരുന്ന ഉദ്യോഗാര്‍ഥികള്‍ ഷൂസിലും ചെവിക്കുള്ളിലും ഒളിപ്പിച്ച മൈക്രോ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തിയതെന്ന് പോലിസ് വ്യക്തമാക്കി. പരീക്ഷയ്ക്കിടെ ചോദ്യങ്ങള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ വഴി പുറത്തുള്ള കൂട്ടാളികള്‍ക്ക് കൈമാറുകയും, അവര്‍ ഇന്റര്‍നെറ്റ് വഴി ഉത്തരങ്ങള്‍ കണ്ടെത്തി തിരിച്ചറിയിക്കുകയും ചെയ്തതായി അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്യലില്‍ പ്രതികള്‍ സെന്ററിനുള്ളില്‍ പരീക്ഷ എഴുതിയിരുന്ന കൂട്ടാളികളുടെ പേരുകള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സംശയിക്കപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെത്തി.
രീക്ഷ എഴുതുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഓരോ പേപ്പറിനും മൂന്നു ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ നല്‍കിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പോലിസ് അറിയിച്ചു. ദര്‍ശന്‍ സെഹ്‌റാവാഗ് (26), നരേന്ദ്ര കുമാര്‍ ചന്ദ്ര (29), ബണ്ടി കുമാര്‍ (38) എന്നിവരും പരീക്ഷ എഴുതിയ സുമിത് സെഹ്‌റാവാഗ് (30), ലക്ഷ്മിനാരായണ വര്‍മ്മ (36), അമര്‍ ചന്ദ്ര (32) എന്നിവരുമാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് ബ്ലൂടൂത്ത് ഉപകരണങ്ങള്‍ക്കൊപ്പം എട്ടു മൊബൈല്‍ ഫോണുകള്‍, മൂന്നു സിം കാര്‍ഡുകള്‍, മറ്റ് ഇലക്ട്രോണിക് സാമഗ്രികള്‍ എന്നിവ പിടിച്ചെടുത്തു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സെക്ഷന്‍ 318(2), 61(2) ബിഎന്‍എസ്, ഐടി ആക്ട് സെക്ഷന്‍ 66, പൊതു പരീക്ഷകളിലെ അന്യായ മാര്‍ഗങ്ങള്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 10(1) എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
