രോഗിയെ ആല്‍മരച്ചോട്ടിലിരുത്തൂ; ഓക്‌സിജനുവേണ്ടി പരക്കംപായുന്ന കൊവിഡ് രോഗികളുടെ ബന്ധുക്കളോട് യുപി പോലിസിന്റെ വിചിത്ര ഉപദേശം
പ്രയാഗ്‌രാജ്: കൊവിഡ് ബാധിച്ച് വായുവലിക്കുന്ന ഉറ്റവര്‍ക്കായി ഓക്‌സിജന്‍ സിലിണ്ടര്‍ അന്വേഷിച്ചിറങ്ങിയ ബന്ധുക്കളോട് രോഗികളെ ആല്‍മരച്ചോട്ടിലിരുത്താന്‍ പോലിസിന്റെ ഉപദേശം. യുപി പ്രയാഗ്‌രാജിലെ പോലിസാണ് ഡോക്ടര്‍മാരെ ഞെട്ടിച്ചുകളഞ്ഞ ഉപദേശങ്ങള്‍ നല്‍കുന്നത്.
ബിജെപി എംഎല്‍എ ഹര്‍ഷ്‌വര്‍ധന്റെ പ്രയാഗ്‌രാജിലെ ഓക്‌സിജന്‍ പ്ലാന്റിനു മുന്നില്‍ ഓക്‌സിജന്‍ സിലിണ്ടറിനുവേണ്ടിയെത്തിയതായിരുന്നു രോഗികളുടെ ബന്ധുക്കള്‍. പ്ലാന്റ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതുകൊണ്ട് ഇവിടെ വ്യക്തികള്‍ക്ക് ഓക്‌സിജന്‍ വിതരണമില്ല. അവരോടാണ് രോഗികളെ ആല്‍മരച്ചോട്ടിലിരുത്താന്‍ ഉപദേശിക്കുന്നത്. ഇതേ മറുപടി നിരവധി രോഗികളുടെ ബന്ധുക്കള്‍ക്ക് പോലിസ് നല്‍കുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ആല്‍മരച്ചോട്ടില്‍ കൂടുതല്‍ ഓക്‌സിജനുണ്ടെന്നും അത് രോഗിയുടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുമെന്നുമാണ് പോലിസ് പറയുന്നത്.
പ്രയാഗ്‌രാജില്‍ ഓക്‌സിജന്‍ ലഭിക്കാതെ ആയിരങ്ങളാണ് കൊവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലും കഴിയുന്നത്. വായുവലിച്ച് കിടക്കുന്ന ബന്ധുക്കള്‍ക്കുവേണ്ടി ഓക്‌സിജന്‍ പ്ലാന്റുകളന്വേഷിച്ചിറങ്ങുന്നെങ്കിലും ഒരിടത്തുനിന്നും സിലിണ്ടറുകള്‍ ലഭിക്കുന്നില്ല. ചില പ്ലാന്റുകളില്‍ ഓക്‌സിജന്‍ ഉണ്ടെങ്കിലും വീടുകളില്‍ കഴിയുന്നവര്‍ക്ക് നല്‍കുന്നില്ല. ആശുപത്രികളിലേക്ക് മാത്രമേ വിതരണമുള്ളൂ.
മിക്ക പ്ലാന്റുകളിലും ഓക്‌സിജന്‍ ഇല്ല എന്ന ബോര്‍ഡു തൂക്കിയിരിക്കുകയാണ്. പ്ലാന്റുകള്‍ക്കുമുന്നില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുമുണ്ട്.
യുപിയിലെ 75 ജില്ലകളിലെ 47 ജില്ലകളിലേക്കും ഓക്‌സിജന്‍ നല്‍കുന്നത് പിഎം കെയര്‍ ഫണ്ട് ഉപയോഗിച്ചാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ലഖ്‌നോ, വാരാണസി, ഗോരഖ്പൂര്‍, ആഗ്ര, അലിഗഡ്, പ്രയാഗ്‌രാജ്, മീററ്റ്, മഥുര, ഗൗതം ബുദ്ധനഗര്‍, ഗാസിയാബാദ്, കാണ്‍പൂര്‍, ഝാന്‍സി, മൊറാദാബാദ് തുടങ്ങിയ നഗരങ്ങളില്‍ അടുത്ത ആഴ്ചകളില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുമെന്ന് യുപി സര്‍ക്കാരിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
