ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടി നാളെ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കും
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം നാളെ ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കും. വിഎസ്എസ്‌സിയുടെ ശാസ്ത്രീയ പരിശോധനാ ഫലം കൂടി ഉള്‍പ്പെടുത്തിയ റിപോര്‍ട്ടാണ് നല്‍കുക. കട്ടിളപ്പാളിയിലേയും ദ്വാരപാലക ശില്‍പ്പ പാളിയിലേയും സ്വര്‍ണത്തിന്റെ അളവില്‍ കുറവുണ്ടായെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ച റിപോര്‍ട്ടും നാളെ കോടതിയിലെത്തും.
1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവിലെ വ്യത്യാസമാണ് ശാസ്ത്രീയ പരിശോധനയും സ്ഥിരീകരിച്ചത്. ദ്വാരപാലക കട്ടിളപ്പാളികളിലാണ് സ്വര്‍ണത്തില്‍ കാര്യമായ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത്. കാലപ്പഴക്കം കൊണ്ട് കുറയുന്ന തൂക്കമെത്രയാകുമെന്ന് പരിശോധിച്ച് വരികയാണ്. ശാസ്ത്രീയ പരിശോധന റിപോര്‍ട്ട് പ്രത്യേക അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ശബരിമല സ്വര്‍ണക്കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്ന റിപോര്‍ട്ടില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വര്‍ണത്തിന്റെ അളവും നിലവിലുള്ള സ്വര്‍ണത്തിന്റെ കാലപ്പഴക്കവും അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാവും.