ഡല്‍ഹിയില്‍ ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റിലായ കശ്മീരി ദമ്പതികള്‍ നിരപരാധികളെന്ന് സഹോദരി

കശ്മീരില്‍ ഇന്റര്‍നെറ്റ് സൗകര്യം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് താമസം മാറ്റിയതെന്നും സഹോദരി

Update: 2020-03-11 12:49 GMT

ന്യൂഡല്‍ഹി:  ഐഎസ് ബന്ധമാരോപിച്ച് ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത തന്റെ സഹോദരനും ഭാര്യയും  നിരപരാധികളെന്ന് സഹോദരി. തന്റെ സഹോദരന്‍ ജഹന്‍സൈബ് സാമിയും ഭാര്യയും കശ്മീരില്‍ ഇന്റര്‍നെറ്റ് സൗകര്യം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലേക്ക് താമസം മാറ്റിയതെന്നും സഹോദരി സെഹ്‌റിഷ് സാമി ഒരു പ്രമുഖ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

കശ്മീരി ദമ്പതികളായ ജഹന്‍സൈബ് സാമി, ഭാര്യ ഹിന ബാഷിര്‍ ബെയ്ഗ് എന്നിവരെ മാര്‍ച്ച് 8 നാണ് ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്ത്. ഇവര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും മുസ്ലീം യുവാക്കളെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതായും പോലിസ് ആരോപിച്ചു. അഫ്ഗാനിസ്താനിലെ ഖൊറൊസന്‍ മേഖലയിലെ ഐഎസ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും പോലിസ് ആരോപിച്ചു.

എന്നാല്‍ സെഹ്‌റിന്‍ പറയുന്നതനുസരിച്ച് യുകെ ആസ്ഥാനമായുള്ള ഐടി കമ്പനിക്കു വേണ്ടി ശ്രീനഗറിലായിരുന്നു ജഹന്‍സൈബ് സാമി ജോലി ചെയ്തിരുന്നത്. ആഗസ്റ്റില്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടൊപ്പം ഇന്റര്‍നെറ്റിനും വിലക്കേര്‍പ്പെടുത്തി. അതോടെ ജോലി തടസ്സപ്പെട്ടു. തുടര്‍ന്ന് കമ്പനി തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇവര്‍ ഡല്‍ഹിയിലേക്ക് താമസം മാറ്റിയത്. ജോലി ചെയ്യുന്ന സ്ഥാപനം തന്നെയാണ് താസമസൗകര്യം ഏര്‍പ്പെടുത്തിയതെന്നും സഹോദരി പറയുന്നു.

ജാമിയ മില്ലിയ സര്‍വ്വകലാശാലയ്ക്കടുത്ത ഓക്‌ല ജാമിയ നഗറിലെ വീട്ടില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കല്‍ നിന്ന് ചില സുപ്രധാന തെളിവുകള്‍ ലഭിച്ചെന്ന് പോലിസ് അവകാശപ്പെട്ടിരുന്നെങ്കിലും അതെന്താണ് വെളിപ്പെടുത്താന്‍ തയ്യാറായില്ല. പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭത്തില്‍ കൂടുതല്‍ പേരെ അണിനിരത്താന്‍ ഇരുവരും ലക്ഷ്യമിട്ടിരുന്നുവെന്നും പോലിസ് ആരോപിച്ചിരുന്നു.  

Tags:    

Similar News