ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്‌ഐആര്‍) ജോലിയിലായിരുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ആത്മഹത്യ ചെയ്തു. തിരുക്കോയിലൂരിനടുത്ത് ശിവണാര്‍താങ്കളില്‍ വില്ലേജ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന ജാഹിത ബീഗ(38)യാണ് ജീവനൊടുക്കിയത്. അമിത ജോലിഭാരവും മേലുദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും സമ്മര്‍ദവുമാണ് മരണകാരണമെന്ന് കുടുംബവും സഹപ്രവര്‍ത്തകരും ആരോപിച്ചു.
എസ്‌ഐആര്‍ പ്രകാരം വീടുകള്‍തോറും എന്യൂമറേഷന്‍ ഫോമുകള്‍ വിതരണം ചെയ്യുകയും ശേഖരിച്ച ഫോറങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്യുന്നതായിരുന്നു ചുമതല. ആവശ്യപ്പെട്ട 800 ഫോമുകളില്‍ 80 എണ്ണം മാത്രമാണ് ശേഖരിക്കാനായതെന്നും 35 ഫോമുകള്‍ മാത്രമാണ് ഡിജിറ്റലൈസ് ചെയ്യാനായതെന്നും ഭര്‍ത്താവ് മുബാറക് പറയുന്നു. ഇതിനെ തുടര്‍ന്ന് മേലുദ്യോഗസ്ഥരും പ്രാദേശിക ഡിഎംകെ നേതാക്കളും നിരന്തരം ശകാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തനഭാരം ചുമത്തുകയും ചെയ്തതായും അദ്ദേഹം ആരോപിച്ചു.
വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം ഫോം അപ്‌ലോഡ് ചെയ്യാനുള്ള ജോലി തുടരുന്നതിനിടെയാണ് സംഭവം. കുറച്ച് നേരം പുറത്തുപോയ ഭര്‍ത്താവ് തിരികെ എത്തിയപ്പോള്‍ ജാഹിതയെ തൂങ്ങിയ നിലയില്‍ കണ്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.