ന്യൂഡല്‍ഹി: എസ്ഐആറുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം. എസ്ഐആര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇതിനെത്തുടര്‍ന്ന് സഭ ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ചു. നേരത്തെ നിര്‍ത്തിവച്ച സഭ 12മണിക്കാണ് പുനരാരംഭിച്ചത്. എന്നാല്‍ പ്രതിപക്ഷം എസ്‌ഐആറില്‍ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു.
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനില്‍ (എസ്ഐആര്‍) കേരളത്തെ പ്രതിനിധീകരിച്ച് കോണ്‍ഗ്രസ് എംപി ജെബി മേത്തര്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) ദുരിതം എടുത്തുകാട്ടി. സമ്മര്‍ദ്ദം കാരണം മനുഷ്യര്‍ മരിക്കുന്ന സാഹചര്യം ഭീകരമാണെന്ന് അവര്‍ വ്യക്തമാക്കി.
ലോക്സഭ പിരിച്ചുവിടുന്നതിന് മുമ്പ്, കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്ലും ആരോഗ്യ സുരക്ഷ ബില്ലും അവതരിപ്പിച്ചു . ജിഎസ്ടി നഷ്ടപരിഹാര സെസ് നിര്‍ത്തലാക്കിയതിന് ശേഷവും പുകയില, പാന്‍ മസാല തുടങ്ങിയ വസ്തുക്കളുടെ ജിഎസ്ടി അതേപടി തുടരുമെന്ന് രണ്ട് ബില്ലുകളും ഉറപ്പാക്കും.