തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പ്പട്ടിക തീവ്ര പുനപ്പരിശോധനയുടെ ഹിയറിങ് നടപടികള്‍ ആരംഭിച്ചു. നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ബൂത്ത് അടിസ്ഥാനത്തിലാണ് ഹിയറിങ് നടപടികള്‍ പുരോഗമിക്കുന്നത്. പ്രായമായവര്‍ക്കും പ്രവാസികള്‍ക്കും നേരിട്ട് ഹാജരാകുന്നതില്‍ ഇളവുണ്ടെങ്കിലും രേഖകളുമായി അടുത്ത ബന്ധുക്കള്‍ ഹിയറിങ്ങില്‍ പങ്കെടുക്കണം. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ ഇആര്‍ഒയ്ക്ക് നേരിട്ടുള്ള പരിശോധനയില്ലാതെതന്നെ നടപടികള്‍ പൂര്‍ത്തിയാക്കാം.
കരട് വോട്ടര്‍പ്പട്ടികയിലെ 2.54 കോടി വോട്ടര്‍മാരില്‍, 2002 ലെ എസ്ഐആറുമായി ബന്ധിപ്പിക്കാനാകാത്ത 19.32 ലക്ഷം പേരെയാണ് ഹിയറിങ്ങിന് വിധേയമാക്കുക. ഹിയറിങ് നടപടിക്കുശേഷം പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് പരാതികള്‍ നല്‍കാന്‍ അപ്പീല്‍ സംവിധാനമുണ്ടാകും.
ഹിയറിങ്ങിന് ശേഷം പട്ടികയില്‍ നിന്ന് ഒഴിവാകുന്നവര്‍ക്ക് അപ്പീല്‍ നല്‍കാന്‍ കഴിയും. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ ഉത്തരവ് പുറത്തുവന്ന് 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഒന്നാം അപ്പീല്‍ നല്‍കാം. ഇതിന്മേലുള്ള തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ 30 ദിവസത്തിനകം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് രണ്ടാം അപ്പീലും നല്‍കാം. അപ്പീല്‍ അപേക്ഷകള്‍ രജിസ്റ്റേഡ് തപാല്‍ വഴിയോ നേരിട്ടോ സമര്‍പ്പിക്കാം.