കൊച്ചി: പശ്ചിമ ബംഗാളില്‍ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം ആരംഭിച്ചതുമുതല്‍, കേരളത്തിലെ അതിഥി തൊഴിലാളികളില്‍ നിറയെ ആശങ്കളെന്ന് റിപോര്‍ട്ടുകള്‍. ഒന്നുകില്‍ കൂലി നഷ്ടപ്പെടുത്തി വീട്ടിലേക്ക് മടങ്ങുക, അതല്ലെങ്കില്‍ ഇവിടെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് ഒഴിവാക്കുക തുടങ്ങി നിരവധി ആശങ്കകളാണ് ഇവര്‍ക്കുള്ളത്. അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കുന്നതിനാല്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികള്‍ വീട്ടിലേക്ക് എപ്പോള്‍ പോകും എന്ന ചിന്തയിലാണ്.
'ഞങ്ങള്‍ക്ക് ഫോമുകള്‍ നല്‍കാന്‍ കുറഞ്ഞത് ആറുമാസമെങ്കിലും വേണം,' വീട്ടിലേക്ക് മടങ്ങാനായി എന്റെ കൈവശം ഇനിയൊരു യാത്രയ്ക്ക് പണമില്ല. കേരളത്തില്‍ കനത്ത മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചിരുന്നു, ജോലികള്‍ പതിവായി കിട്ടാന്‍ തുടങ്ങിയിട്ടേയുള്ളൂ. ഫോമുകള്‍ എത്തിയിട്ടുണ്ടെന്ന് എന്റെ മാതാപിതാക്കള്‍ എന്നോട് പറഞ്ഞു, പക്ഷേ ഞങ്ങള്‍ക്ക് വീട്ടിലേക്ക് ഉടനെ പോകാന്‍ കഴിയില്ല.' ബിശ്വാസ് എന്ന തൊഴിലാളി പറയുന്നു.
പലര്‍ക്കും നാട്ടിലേക്ക് പോകാന്‍ പണമില്ല എന്നതാണ് സത്യം. ഇനി പോയി തിരിച്ചു വന്നാല്‍ കേരളത്തില്‍ ഉണ്ടായിരുന്ന പണി കൂടി പോകും എന്ന ആശങ്കയുമുണ്ട്. ഫോം ഓണ്‍ലൈനായി പൂരിപ്പിക്കാനുള്ള ഓപ്ഷന്‍ ഇപ്പോള്‍ ഉണ്ടെങ്കിലും, എങ്ങനെ അത് ചെയ്യണമെന്നോ, അതിന് ആവശ്യമായ രേഖകള്‍ കൊണ്ടുവരാന്‍ വീട്ടിലേക്ക് എങ്ങനെ പോകാന്‍ കഴിയുമെന്ന് പലര്‍ക്കും ഉറപ്പില്ല.
ഒക്ടോബര്‍ 27 നാണ് പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആറിനുള്ള ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. എന്യൂമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കുന്ന പ്രക്രിയ നവംബര്‍ 4 നും ഡിസംബര്‍ 4 നും ഇടയില്‍ നടക്കുമെന്നും അതിനുശേഷം കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 9 ന് പ്രസിദ്ധീകരിക്കുമെന്നും അതില്‍ പറയുന്നു.
