കേരളത്തില്‍ എസ്‌ഐആര്‍ പൂര്‍ത്തിയായി; അന്തിമ പട്ടിക ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ 2.69 കോടി വോട്ടര്‍മാര്‍, പുറത്തായത് 24.61 ലക്ഷംപേര്‍

Update: 2026-02-21 03:24 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ(എസ്‌ഐആര്‍)നടപടികള്‍ പൂര്‍ത്തിയായി. പുതുക്കിയ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ 2,69,53,644 വോട്ടര്‍മാരാണുള്ളത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെക്കാള്‍ പട്ടികയില്‍നിന്ന് 7,95,515 വോട്ടര്‍മാര്‍ കുറഞ്ഞു. മാപ്പിങ് കടമ്പകളും ഇരട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള പരിശോധനകളും പിന്നിട്ട ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും.

പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയുടെ പകര്‍പ്പുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറുന്നതാണ്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ വോട്ടര്‍പട്ടികയാവും അടിസ്ഥാനരേഖയായി ഉപയോഗിക്കുക. മരിച്ചവരേയും ഇരട്ടവോട്ടുള്ളവരേയും എന്യുമറേഷന്‍ ഫോം നല്‍കാത്തവരേയുമൊക്കെ എസ്‌ഐആറില്‍ ഒഴിവാക്കിയതിനാലാണ് 7.95 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു. പോളിങ് സ്റ്റേഷനുകള്‍ 30,471 ആയി ഉയര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ 25,231 ആയിരുന്നു. ഓരോ ബൂത്തിലും വോട്ടര്‍മാരുടെ എണ്ണം 1,200 ആയി പരിമിതപ്പെടുത്തിയതോടെയാണ് കൂടിയത്. പോളിങ് സാമഗ്രികളുടെ 119 വിതരണകേന്ദ്രങ്ങളും 41 വോട്ടെണ്ണല്‍ കേന്ദ്രങ്ങളും ഒരുക്കും.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പില്‍ 2.86 കോടി വോട്ടര്‍മാരുണ്ടായിരുന്നു. അതിനെക്കാള്‍ 16 ലക്ഷത്തോളം കുറഞ്ഞു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 2,74,46,039 വോട്ടര്‍മാരായിരുന്നു. മരിച്ചവര്‍, കണ്ടെത്താന്‍ സാധിക്കാത്തവര്‍, താമസം മാറിയവര്‍, ഒന്നിലധികം പട്ടികയിലുള്ളവര്‍, എന്യുമറേഷന്‍ ഫോറം തിരികെ നല്‍കാത്തവര്‍ എന്നിങ്ങനെ 24 ലക്ഷം പേരെ ഒഴിവാക്കിയാണ് കരടുപട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍, പുതിയ വോട്ടര്‍മാരടക്കം 15 ലക്ഷംപേരാണ് അന്തിമപട്ടികയില്‍ കൂടിയത്. ഇനി വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ ഫോറം ആറില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കണം.

അന്തിമ വോട്ടര്‍പട്ടിക

ആകെ വോട്ടര്‍മാര്‍: 2,69,53,644

പുരുഷന്മാര്‍: 1,31,26,048

സ്ത്രീകള്‍: 1,38,27,319

ട്രാന്‍സ്ജെന്‍ഡര്‍: 277

പ്രവാസികള്‍: 2,23,558

സര്‍വീസ് വോട്ടര്‍മാര്‍: 54,110

18-19 പ്രായക്കാര്‍: 4,24,518

85നുമുകളിലുള്ളവര്‍: 2,04,608

ഭിന്നശേഷിക്കാര്‍: 2,43,898

Tags: