സിന്ധ് ട്രെയിൻ അപകടം; മരിച്ചവരുടെ എണ്ണം 51 ആയി, നൂറോളം പേര്‍ക്ക് പരിക്ക്, ട്രെയിനില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുന്നു
സിന്ധ്: പാകിസ്താനിലെ സിന്ധില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഒന്നിനു മുകളിലേക്ക് മറ്റൊന്ന് വീണ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 51 ആയി. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നടന്ന ഏറ്റവും വലിയ അപകടമായിരുന്നു സിന്ധിലേത്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടി.
കറാച്ചിയില്‍ നിന്ന് സര്‍ഗോധയിലേക്ക് പോകുന്ന മില്ലറ്റ് എക്‌സ്പ്രസ് പാളം തെറ്റി അടുത്ത ട്രാക്കില്‍ കിടക്കുന്ന ധര്‍കി എക്‌സ്പ്രസിന്റെ മുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്ന റിപോര്‍ട്ട്. സിന്ധിലെ ഖോട്കി ജില്ലയില്‍ റെയ്തി റെയില്‍വേ സ്റ്റേഷനും ദഹര്‍കി റെയില്‍വേ സ്റ്റേഷനും ഇടയിലാണ് അപകടം നടന്നത്.
സംഭവത്തില്‍ ഏതാനും റയില്‍വേ ജീവനക്കാര്‍ക്കും പരിക്കേറ്റു. രാത്രി പുറത്തുവിട്ട കണക്കനുസരിച്ചാണ് മരണം 51 ആണെന്ന് റിപോര്‍ട്ട് ചെയ്തത്. മരണസംഖ്യ ഉയരാനും സാധ്യതയുണ്ട്. ട്രയിനുകള്‍ക്കുള്ളില്‍ കുടുങ്ങിയവരെ ഇനിയും പുറത്തെടുക്കാനുണ്ട്.
ഇരുപത്തിയഞ്ചോളം പേരുടെ പരിക്ക് ഗുരുതരമാണ്. 13-14 ബോഗികളോളം പാളം തെറ്റിയിട്ടുണ്ട്. എട്ടോളം ബോഗികള്‍ പൂര്‍ണമായി നശിച്ചു.
അവശിഷ്ടങ്ങള്‍ക്കുള്ളില്‍ ഇനിയും ആരെങ്കിലും ജീവനോടെ അവശേഷിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.
മാര്‍ച്ച് മാസത്തില്‍ റോഹ്റി, സന്‍ഗി സ്റ്റേഷനുകള്‍ക്കിടയില്‍ സമാനമായ അപകടം നടന്നിരുന്നു. അന്ന് ഒരാള്‍ മരിക്കുകയും 40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2020 ല്‍ കിഴക്കന്‍ പാകിസ്താനില്‍ ട്രെയിന്‍ പാസഞ്ചര്‍ വാനുമായി കൂട്ടിയിടിച്ച് 19 പേര്‍ മരിച്ചിരുന്നു.
