സിദ്ധാര്‍ത്ഥന്റെ മരണം: 'വിസിയെ സസ്‌പെന്‍ഡ് ചെയ്തതിനോട് യോജിക്കാനാകില്ല'; ഗവര്‍ണര്‍ക്കെതിരെ ചിഞ്ചുറാണി

Update: 2024-03-02 11:50 GMT

ആലപ്പുഴ: വയനാട് വെറ്ററിനറി സര്‍വകലാശാല വിസിയെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ ഗവര്‍ണര്‍ക്കെതിരെ മന്ത്രി ജി ചിഞ്ചുറാണി. ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായി ആലോചിക്കാതെയായിരുന്നു. വിസിയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുമായി യോജിക്കാനാകില്ലെന്നും ചിഞ്ചുറാണി പ്രതികരിച്ചു. വിസിയെ സസ്‌പെന്‍ഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ചെയ്യേണ്ട നടപടികള്‍ സര്‍വകലാശാല എടുത്ത് കഴിഞ്ഞു. പരാതി കിട്ടിയ 31 പേരില്‍ 19 പേര്‍ക്കെതിരെയും നടപടിയെടുത്തു. ഗവര്‍ണറുടെ നടപടി വകുപ്പ് തല അന്വേഷണം തുടരുന്നതിനിടെയാണെന്നും ചിഞ്ചുറാണി വിമര്‍ശിച്ചു.ഡീനെ മാറ്റാനുള്ള നിര്‍ദ്ദേശം നേരത്തെ നല്‍കി കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മരിച്ചതിനുശേഷം സിദ്ധാര്‍ത്ഥനെതിരെ പരാതി നല്‍കിയ നടപടി ശരിയല്ലെന്നും ചിഞ്ചുറാണി കൂട്ടിച്ചേര്‍ത്തു. പരാതി ചര്‍ച്ച ചെയ്യാന്‍ ഐസിസി യോഗം ചേര്‍ന്നെങ്കിലും നടപടി എടുത്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന്റെ ഭാഗമാണ് ഗവര്‍ണറുടെ നടപടി എന്ന് കരുതുന്നില്ല. ചാന്‍സലര്‍ എന്ന നിലയില്‍ വെറ്ററിനറി സര്‍വകലാശാലയുടെ കാര്യത്തില്‍ ഗവര്‍ണറുടെ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: