സിദ്ദീഖ് കാപ്പന് നീതി തേടുന്ന ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കാന്‍ സാധ്യത

സിദ്ദീഖ് കാപ്പന് ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ആവശ്യപ്പെട്ടത്. അവിടെ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിദ്ദീഖിന്റെ അഭിഭാഷകന്‍ പറഞ്ഞതിന് മറുപടിയായി അതിനാണ് 'ഞങ്ങള്‍ ഇവിടെയുള്ളതെന്നും ലഭിച്ചില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കാമെന്നുമായിരുന്നു' അന്ന് പറഞ്ഞത്.

Update: 2020-11-05 14:05 GMT

ന്യൂഡല്‍ഹി: യു പി സര്‍ക്കാര്‍ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് നിയമപ്രകാരമുള്ള അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി നാളെ പരിഗണിക്കാന്‍ സാധ്യത. സിദ്ദീഖ കാപ്പനു വേണ്ടി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ അഡ്വ. വില്‍സ് മാത്യുവാണ് ഇത് അറിയിച്ചത്. പ്രമുഖ അഭിഭാഷകനായ കപില്‍ സിബലുമായി ഇതു സംബന്ധിച്ച കൂടിയാലോചനകള്‍ നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

സിദ്ദീഖ് കാപ്പന് ജാമ്യം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയപ്പോള്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ആവശ്യപ്പെട്ടത്. അവിടെ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിദ്ദീഖിന്റെ അഭിഭാഷകന്‍ പറഞ്ഞതിന് മറുപടിയായി അതിനാണ് 'ഞങ്ങള്‍ ഇവിടെയുള്ളതെന്നും ലഭിച്ചില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിക്കാമെന്നുമായിരുന്നു' അന്ന് പറഞ്ഞത്. അഭിഭാഷകര്‍ക്ക് കാണാനുള്ള നിയമപരമായ അവകാശം പോലും അലഹബാദ് ഹൈക്കോടതിയും യുപി പോലീസും വകവെച്ചു നല്‍കാത്ത സാഹചര്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ മൂന്ന് ഭാരവാഹികള്‍ക്കും അഭിഭാഷകര്‍ക്കും വീഡിയോകോണ്‍ഫറന്‍സ് വഴി സിദ്ദിഖ് കാപ്പനുമായി കൂടിക്കാഴ്ച നല്‍കാനുള്ള അവസരം ഒരുക്കണം, കുടുംബാംഗങ്ങള്‍ക്കും ഈ സൗകര്യം നല്‍കണം, അഭിഭാഷകന് വക്കാലത്ത് ഒപ്പിട്ട് നല്‍കാന്‍ സിദ്ദിഖിനെ അനുവദിക്കണമെന്ന് ജയില്‍ അധികൃതരോട് നിര്‍ദേശിക്കണം, ന്യൂ മഥുരാ ജയില്‍ സന്ദര്‍ശിച്ച് അവിടെ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ജഡ്ജിയെയോ ജില്ലാ ജഡ്ജിയെയോ ചുമതലപ്പെടുത്തണം എന്നീ കാര്യങ്ങളാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ഹരജി കൂടി കെയുഡബ്ല്യുജെ സമര്‍പ്പിച്ചിരുന്നു.

ഹാഥ്‌റസിലേക്കു പോകുന്ന വഴി യുപി പോലീസ് കസ്റ്റഡിയിലെടുത്ത സിദ്ദീഖ് കാപ്പനെയും മറ്റു മൂന്നു പേരെയും മഥുര കോടതി ബുധനാഴ്ച്ച വൈകുന്നേരം മുതല്‍ രണ്ടു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിന് സാക്ഷിയാകാന്‍ നാല് അഭിഭാഷകരെ കോടതി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പോലിസ് കസ്റ്റഡിയുടെ കാലാവധി നാളെ വൈകിട്ട് അവസാനിക്കും.

Tags: