സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം ഇന്നുണ്ടായേക്കും

Update: 2024-03-28 06:35 GMT

തിരുവനന്തപുരം: സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിനുള്ള ഗവര്‍ണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും. വിരമിച്ച ഹൈകോടതി ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് നീക്കം. പോലിസ് ഉദ്യോഗസ്ഥനെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ജുഡീഷ്യല്‍ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് ഗവര്‍ണര്‍.

ഇതിനിടെ, സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച രേഖകള്‍ കേരള പോലിസ് സിബിഐക്ക് കൈമാറി. സ്‌പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ഡല്‍ഹിയില്‍ നേരിട്ടെത്തിയാണ് പേഴ്‌സനല്‍ മന്ത്രാലയത്തിന് എഫ്‌ഐആറിന്റെ ഇംഗ്ലീഷ് വിവര്‍ത്തനവും കേസിന്റെ നാള്‍വഴികളും പോലിസിന്റെ കണ്ടെത്തലുകളുമടങ്ങിയ രേഖകള്‍ കൈമാറിയത്.

സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറിയെങ്കിലും രേഖകള്‍ നല്‍കാന്‍ വൈകിയത് വിവാദമായിരുന്നു. സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് സര്‍ക്കാറിനെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം സിബിഐക്ക് നേരിട്ട് രേഖകള്‍ കൈമാറുന്നതിന് ഉദ്യോഗസ്ഥനെ അയക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. രേഖകള്‍ അയക്കാന്‍ വൈകിയതിന് ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിട്ട് മാര്‍ച്ച് ഒമ്പതിനാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതുസംബന്ധിച്ച വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൊച്ചിയിലെ സിബിഐ മേഖല ഓഫിസിലേക്ക് അയച്ചത് മാര്‍ച്ച് 16നാണ്. കേസിന്റെ മറ്റു വിശദാംശങ്ങള്‍ അടങ്ങിയ റിപോര്‍ട്ട് നല്‍കിയിരുന്നില്ല. സിബിഐക്ക് കേസ് വിടുമ്പോള്‍ അനുബന്ധ രേഖകള്‍ കൊച്ചി ഓഫിസ് വഴി സിബിഐ ആസ്ഥാനത്തേക്ക് അയക്കാറുണ്ട്.

അനുബന്ധ രേഖകള്‍ ലഭിക്കാതായതോടെ, എഫ്‌ഐആറിന്റെ വിവര്‍ത്തനം ചെയ്ത പകര്‍പ്പും മറ്റു രേഖകളുമാവശ്യപ്പെട്ട് കൊച്ചിയിലെ സിബിഐ ബ്രാഞ്ച് മേധാവി സംസ്ഥാന പോലിസ് മേധാവിക്ക് മാര്‍ച്ച് 20ന് കത്ത് നല്‍കി. ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച കണ്ടെത്തിയതോടെ ആവശ്യമായ രേഖകള്‍ ഉടന്‍ നേരിട്ട് കൈമാറണമെന്ന് മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദേശിച്ചു. സിബിഐ ഡയറക്ടറാണ് അന്വേഷണ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

Tags: