സിദ്ധ, ആയുര്‍വേദ, അലോപ്പതി: തമിഴ്‌നാട്ടില്‍ കൊവിഡ് ചികില്‍സാരംഗത്ത് തര്‍ക്കം മൂര്‍ച്ഛിക്കുന്നു

Update: 2020-06-24 09:39 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം 64,000 ആയ സാഹചര്യത്തില്‍ ചികില്‍സയ്ക്ക് സിദ്ധ ഉപയോഗിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. രൂക്ഷത കുറഞ്ഞതും ലക്ഷണങ്ങളില്ലാത്തവരുമായ കൊവിഡ് രോഗികളില്‍ സിദ്ധ നൂറ് ശതമാനം വിജയകരമാണെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിദ്ധ വൈദ്യത്തെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് സംസ്ഥാന വികസന വകുപ്പ് മന്ത്രി കെ പാണ്ഡിരാജനെ ഉദ്ധരിച്ചുകൊണ്ട് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.

സിദ്ധ ഉപയോഗിക്കുന്നതിലൂടെ രോഗികളെ മരണത്തിലേക്ക് തളളിവിടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന വിമര്‍ശനത്തെ മന്ത്രി നിഷേധിച്ചു. രോഗബാധ മൂര്‍ച്ഛിച്ചവരുടെയും വെന്റിലേറ്റര്‍ സഹായം വേണ്ടവരുടെയും അലോപ്പതി ചികില്‍സയ്ക്കാണ് വിധേയമാക്കുക. ലക്ഷണങ്ങളില്ലാത്തവരെയും രോഗം മൂര്‍ച്ഛിക്കാത്തവരിലുമാണ് സിദ്ധ ഉപയോഗിക്കുന്നത്. അതും രോഗികളുടെ താല്‍പര്യം പരിഗണിച്ചുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.

ചെന്നൈയിലെ ഒരു സെന്ററില്‍ 25 പേരെ കൊവിഡ് ചികില്‍സയ്ക്ക് ഹാജരാക്കി രോഗം ഭേദമാക്കിയെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് സിദ്ധവൈദ്യം കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കാമെന്ന തീരുമാനം സര്‍ക്കാര്‍ എടുത്തത്. ചെന്നൈ അംബേദ്ക്കര്‍ കോളജിലാണ് സിദ്ധ വൈദ്യം ഉപയോഗപ്പെടുത്തി കൊവിഡ് ചികില്‍സിച്ചത്.

തമിഴ്‌നാട്ടില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വൈദ്യസമ്പ്രദായമാണ് സിദ്ധ. ധാരാളം ലോഹാംശം ഉപയോഗിച്ചു നടക്കുന്ന ഈ ചികില്‍സാരീതിയെ കുറിച്ച് അലോപ്പതി ചികില്‍സകര്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിക്കാറുമുണ്ട്.

ഇതിനിടയില്‍ രാംദേവിന്റെ പതംജലി ആയുര്‍വേദ, കൊവിഡ് രോഗത്തിനു മരുന്നുകണ്ടെത്തിയെന്ന അവകാശവാദം പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. ഒപ്പം ക്ലിനിക്കല്‍ ട്രയല്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനുളള അനുമതി, മറ്റ് വിവരങ്ങള്‍ എന്നിവ സഹികം സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാനും ഉത്തരവിട്ടു.

കൊവിഡ് രോഗിയില്‍ സിദ്ധ ഉപയോഗിക്കുന്നതിനെതിരേ അലോപ്പതി ചകില്‍സകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിടുണ്ട്. സിദ്ധ കൊവിഡ് പ്രതിരോധത്തിന് ഉപയോഗക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം.

നേരത്തെ കബാസുര കുടിനീര്‍ എന്ന സിദ്ധ മരുന്ന് സര്‍ക്കാര്‍ കൊവിഡ് പ്രതിരോധമെന്ന നിലയില്‍ നല്‍കിയിരുന്നു. 

Tags:    

Similar News