കര്‍ണാടക പാഠപുസ്തക പുനപ്പരിശോധനാ കമ്മറ്റി മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് സിദ്ധരാമയ്യ

Update: 2022-06-11 14:11 GMT

ബെംഗളൂരു: രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തിലുള്ള പാഠപുസ്തക പുനഃപരിശോധനാ കമ്മറ്റി മേധാവിയെ അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. രോഹിത്തിന്റെ നേതൃത്വത്തിലുളള സമിതിയെ സര്‍ക്കാര്‍ തന്നെ പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവില്ലാതെ രോഹിത്തിനെ പാഠപുസ്തക സമിതിയില്‍ നിയമിച്ചുവെന്നാണ് ആരോപണം. 

'ശരിയായ സര്‍ക്കാര്‍ ഉത്തരവുകളില്ലാതെ, രോഹിത് ചക്രതീര്‍ത്ഥയെ പാഠപുസ്തക പരിഷ്‌കരണത്തിന്റെ ചുമതല ഏല്‍പ്പിച്ചു. ഇപ്പോഴിതാ രോഹിത് ചക്രതീര്‍ത്ഥയുടെ എല്ലാ കൊള്ളരുതായ്മകളെയും മന്ത്രി നാഗേഷ് സംരക്ഷിക്കുന്നു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തെ പിരിച്ചുവിടണം'- സിദ്ധരാമയ്യ ആരോപിച്ചു. 

നിയമനടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ രോഹിത് ചക്രതീര്‍ത്ഥയെ അറസ്റ്റ് ചെയ്യുകയും വേണം. മുഖ്യമന്ത്രി ബൊമ്മൈ മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ചാല്‍ അദ്ദേഹം രാജി നല്‍കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. 

പാഠപുസ്തകം പുനപ്പരിശോധിക്കാനുള്ള ഉത്തരവാദിത്തം ഒരു ട്രോളറെയാണ് ഏല്‍പ്പിച്ചത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ റിവിഷന്‍ കമ്മിറ്റി ചെയര്‍മാനായിരിക്കും ഉത്തരവാദിയെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഭരണകക്ഷിയായ ബിജെപിക്കും അതിന്റെ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.