പാലക്കാട്: തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമിന്റെ ജലനിരപ്പ് ഷട്ടര്‍ ലെവലിലേക്ക് എത്തിക്കാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി മറ്റ് രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്ററാക്കി ഉയര്‍ത്തി. ഇനിയും 24 അടി കൂടി ജലനിരപ്പ് താഴ്ന്നാല്‍ മാത്രമേ തകര്‍ന്ന ഷട്ടറിന്റെ പുനര്‍നിര്‍മാണ പ്രക്രിയകള്‍ ആരംഭിക്കാന്‍ കഴിയൂ. തൂണക്കടവ് വഴി തീരുമൂര്‍ത്തി ഡാമിലേക്ക് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവും തമിഴ്‌നാട് വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ട് മൂന്ന് ദിവസം കൂടി വെള്ളം ഒഴുക്കിക്കളയേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്.
വെള്ളം കടലിലേക്ക് ഒഴുക്കിക്കളയുന്നതില്‍ പ്രയാസമുണ്ടെന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍ പ്രതികരിച്ചു. ഷട്ടര്‍ തകര്‍ന്നത് അസാധാരണ സംഭവമാണെന്നും ഇതുവരെ ആറ് ടിഎംസി, വെള്ളം ഒഴിക്കിക്കളഞ്ഞിട്ടുണ്ടെന്നും പറമ്പിക്കുളത്തെത്തിയ ദുരൈ മുരുകന്‍ കൂട്ടിച്ചേര്‍ത്തു. പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഒഴുകിയെത്തുന്ന ജലം കാരണം പെരിങ്ങല്‍ക്കുത്തിലെ ജലനിരപ്പ് പരമാവധിയായ 421.5 മീറ്ററില്‍ എത്തിയതിനെത്തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ആറ് ഷട്ടറുകള്‍ക്കു പുറമെ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറന്നിരുന്നത്.
