അമേരിക്കയില്‍ ഷട്ട്ഡൗണ്‍: സേവനങ്ങള്‍ താളം തെറ്റി, ലക്ഷങ്ങള്‍ പ്രതിസന്ധിയില്‍

Update: 2025-11-09 06:23 GMT

വാഷിങ്ടണ്‍: ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണിലൂടെ അമേരിക്ക കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഷട്ട്ഡൗണ്‍ 38ആം ദിവസവും തുടരുകയാണ്. ഏഴുലക്ഷം ഫെഡറല്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. 67,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. അവശ്യസേവനങ്ങള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമല്ലാത്ത നിലയിലാണ്.

ഷട്ട്ഡൗണില്‍ ജീവനക്കാരുടെ കുറവ് മൂലം വെള്ളിയാഴ്ച മാത്രം ആയിരക്കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടു. നിരവധി വിമാനങ്ങള്‍ മണിക്കൂറുകളോളം വൈകുകയും ചെയ്തു. രാജ്യത്തെ 40 പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ഷട്ട്ഡൗണ്‍ മൂലം താളം തെറ്റിയിരിക്കുകയാണ്.

പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യസഹായം നല്‍കുന്ന സപ്ലിമെന്റല്‍ ന്യൂട്രിഷന്‍ അസിസ്റ്റന്‍സ് പ്രോഗ്രാം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. നാലു കോടി ഗുണഭോക്താക്കള്‍ക്കാണ് ഈ പദ്ധതിയിലൂടെ സഹായം ലഭിച്ചിരുന്നത്. പദ്ധതി മുടങ്ങിയതോടെ അവരും ഗുരുതരമായ പ്രതിസന്ധിയിലായിരിക്കുകയാണ്. പദ്ധതിക്ക് സാധനങ്ങള്‍ വിതരണം ചെയ്ത വാള്‍മാര്‍ട്ട് പോലുള്ള ബഹുരാഷ്ട്ര റീട്ടെയില്‍ ചെയിന്‍ കമ്പനികള്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടായി.

ഫെഡറല്‍ ജീവനക്കാരുടെ ശമ്പളം നില്‍ക്കുന്നതോടെ വായ്പാ തിരിച്ചടവുകള്‍ തടസ്സപ്പെടുമെന്ന ആശങ്കയിലാണ് ബാങ്കുകള്‍. ഇതോടെ രാജ്യത്ത് തൊഴിലില്ലായ്മ വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട് ശരാശരി 4.6 ശതമാനമായിരുന്ന നിരക്ക് ആറു ശതമാനത്തേക്ക് കുതിച്ചെത്തിയിരിക്കുകയാണ്. ട്രംപിന്റെ പിടിവാശിയാണ് ഷട്ട്ഡൗണ്‍ തുടരാനുള്ള കാരണമെന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്. എന്നാല്‍, ഷട്ട്ഡൗണ്‍ തീര്‍ക്കാന്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നാണ് നിലപാട്.

Tags: