'മതി മിണ്ടാതിരിക്ക്!': യുപിയില്‍ അപകടത്തില്‍ മകന്‍ മരിച്ചതില്‍ പ്രതിഷേധിച്ച മാതാവിനു നേരെ വിരല്‍ചൂണ്ടി ആക്രോശിച്ച് സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ്

Update: 2022-04-22 06:44 GMT

മോദിനഗര്‍: യുപിയിലെ മോദിനഗറില്‍ അപകടത്തില്‍ മകന്‍ നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച മാതാവിനും കുടുംബത്തിനു നേരെ വിരല്‍ ചൂണ്ടി ആക്രോശിച്ച് വനിതാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്. മാതാവിനോടും കുടുംബത്തോടും ആക്രോശിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

യുപി മോദിനഗറിലെ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥി അനുരാഗ് ഭരദ്വാജിന് കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്നതിനിടയിലാണ് അപകമുണ്ടായത്. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ വാഹനം ഓടിച്ച സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് കുടുംബവും ഏതാനും മാതാപിതാക്കളും പ്രതിഷേധിച്ചത്. അവരോടായിരുന്നു സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശുഭാംഗി ശുക്ലയുടെ ആക്രോശം.

കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളിലേക്ക് പോകുന്നതിന് സ്‌കൂള്‍ബസില്‍ യാത്ര ചെയ്യുമ്പോഴാണ് അനുരാജിന് തലചുറ്റല്‍ അനുഭവപ്പെട്ടത്. കുട്ടി താമസിയാതെ പുറത്തേക്ക് ചെരിഞ്ഞു. ഈ സമയത്ത് ഡ്രൈവര്‍ ബസ് വെട്ടിച്ചു. പുറത്തുള്ള വൈദ്യുതി പോസ്റ്റില്‍ അനുരാഗിന്റെ തലയിടിച്ചു. അപ്പോള്‍ത്തനെ മരിച്ചു.

സംഭവത്തില്‍ ഡ്രൈവറും മറ്റൊരു ജീവനക്കാരനും അറസ്റ്റിലായി. ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റും സഹായുകളുമില്ലാതെ വാഹനം പുറത്തെടുത്തതിനാണ് കുടുംബം പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ ഇടപെടാനെത്തിയ ഉദ്യോഗസ്ഥയാണ് കുടുംബത്തോട് പൊട്ടിത്തെറിച്ചത്.

'നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞത് മനസ്സിലാകുന്നില്ലേ'- ശുക്ല ചോദിച്ചു. 'എത്ര തവണ നിങ്ങളെ പറഞ്ഞുമനസ്സിലാക്കന്‍ ശ്രമിച്ചു'

എനിക്കെല്ലാം മനസ്സിലായി, അവന്‍ നിശ്ശബ്ദനായി- മാതാവ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.

Tags: