ഇന്ത്യ-സൗദി ബന്ധത്തില്‍ പുതിയ അധ്യായം; സാംസ്‌കാരിക ധാരണാപത്രത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി സാംസ്‌കാരിക സഹകരണത്തിനായുള്ള ധാരണാപത്രത്തിന് സൗദി പാര്‍ലമെന്റായ ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. തിങ്കളാഴ്ച റിയാദില്‍ ചേര്‍ന്ന കൗണ്‍സിലിന്റെ 26ാമത് സാധാരണ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഡോ. മിഷാല്‍ ബിന്‍ ഫഹദ് അല്‍ സുലാമിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, സൗദി സാംസ്‌കാരിക മന്ത്രാലയവും ഇന്ത്യന്‍ സാംസ്‌കാരിക മന്ത്രാലയവും തമ്മിലുള്ള സഹകരണ പദ്ധതികള്‍ക്ക് ഔദ്യോഗിക അനുമതി നല്‍കുകയായിരുന്നു.
ധാരണാപത്രം പ്രാബല്യത്തില്‍ വരുന്നതോടെ കല, സാഹിത്യം, പൈതൃക സംരക്ഷണം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ വിപുലമായ സഹകരണത്തിന് വഴിയൊരുങ്ങും. ദീര്‍ഘകാല ചരിത്രബന്ധമുള്ള ഇന്ത്യയും സൗദിയും തമ്മിലുള്ള സാംസ്‌കാരിക വിനിമയം കൂടുതല്‍ സജീവമാക്കുകയാണ് ലക്ഷ്യം. ഇരു രാജ്യങ്ങളിലെയും കലാകാരന്മാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമായി സംയുക്ത വേദികള്‍ ഒരുക്കുക, കലാപരിപാടികള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക വിനിമയ പദ്ധതികള്‍ സംഘടിപ്പിക്കുക തുടങ്ങിയ മേഖലകളില്‍ കരാര്‍ നിര്‍ണായക പിന്തുണയാകുമെന്നാണ് വിലയിരുത്തല്‍.
സൗദി അറേബ്യയുടെ 'വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായി സാംസ്‌കാരിക മേഖലയില്‍ നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് ഇന്ത്യയുമായുള്ള ഈ സഹകരണം കൂടുതല്‍ കരുത്തേകുമെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധം കൂടുതല്‍ ദൃഢമാക്കുകയും വരും തലമുറകള്‍ക്ക് പരസ്പര സംസ്‌കാരങ്ങളെ അടുത്തറിയാനുള്ള അവസരം സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.
