എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ചീഫ് സെക്രട്ടറിയുടെ നോട്ടിസ്

Update: 2022-11-25 09:07 GMT

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. സംഭവത്തെക്കുറിച്ച് രാജ്ഭവന്‍ വിവരം അന്വേഷിച്ചതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഇവര്‍ക്ക് നോട്ടിസ് നല്‍കിയത്. ഏഴ് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നോട്ടിസിലെ ആവശ്യം. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി രാഷ്ട്രീയ മാര്‍ച്ചില്‍ പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ സ്വീകരിച്ച നടപടി വ്യക്തമാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. ഇതെത്തുടര്‍ന്നാവാം നോട്ടിസ് അയച്ചതെന്നാണ് സൂചന. നോട്ടിസ് ലഭിച്ച ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.

ഉന്നതവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. സെക്രട്ടേറിയറ്റിലെ ഇടതുപക്ഷ സംഘടനയുടെ നേതാക്കളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഗവര്‍ണര്‍ക്കെതിരേ 15നാണ് എല്‍ഡിഎഫ് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. ഒരുലക്ഷംപേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. മാര്‍ച്ചില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ആരോപണമുന്നയിച്ചത്. പിന്നാലെ, ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഉദ്യോഗസ്ഥരുടെ പേരും മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങളും കൈമാറി. തുടര്‍ന്നാണ് പരാതി ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയത്.

Tags:    

Similar News