ഭോപാലില്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ള ആയിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്
ഭോപാല്‍: മധ്യപ്രദേശിലെ ഭോപാലില്‍ രണ്ടില്‍ കൂടുതല്‍ മക്കളുള്ള ആയിരത്തോളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടിസ് അയച്ചു. വിദിഷ സിറ്റി ഡിഇഒയാണ് നോട്ടിസ് അയച്ചിരിക്കുന്നത്.
'ഞങ്ങള്‍ അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. അവരുടെ നിയമന കത്തില്‍ ഇത്തരമൊരു ചട്ടം പരാമര്‍ശിച്ചിട്ടില്ലെന്നും മൂന്നാമതൊരു കുഞ്ഞിന്റെ ജനനം ബോധപൂര്‍വമല്ലെന്നും മറ്റുമുള്ള കാരണങ്ങളാണ് പലരും നല്‍കിയിട്ടുള്ളത്' എന്ന് ഡിഇഒ എ കെ മൊഡഗില്‍ പറഞ്ഞു.
2001 ജനുവരി 26നുശേഷം ഏതെങ്കിലും ജീനവക്കാരന് രണ്ടില്‍ കൂടുതല്‍ മക്കളുണ്ടാവുകയാണെങ്കില്‍ അത്തരം ജീവനക്കാര്‍ ജോലിക്ക് യോഗ്യരല്ലെന്ന ഒരു ഉത്തരവ് 2000ത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇത്തരമൊരു നിയമത്തെക്കുറിച്ച് അധികാരികള്‍ ജീവനക്കാരെ അറിയിച്ചിരുന്നില്ലെന്നും ഡിഇഒ പറഞ്ഞു.
ഈ നിയമമനുസരിച്ച് എത്ര പേര്‍ക്കെതിരേ നടപടിയെടുത്തെന്ന് ആരാഞ്ഞ് ഒരു എംഎല്‍എ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. അതേതുടര്‍ന്നാണ് ഡിഇഒ അത്തരം ജീവനക്കാരുടെ വിവരങ്ങള്‍ തേടിയത്.
ഉത്തരവ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമിടയില്‍ ഭീതി വിതച്ചതായി ഒരു അധ്യാപകന്‍ പ്രതികരിച്ചു.
'ഞങ്ങള്‍ക്ക് ഒരു ഷോകേസ് നോട്ടിസ് ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ നിയമനഉത്തരവില്‍ ഇങ്ങനെയൊരു ചട്ടത്തെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ഞങ്ങള്‍ അധികാരികളെ അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ ഭയത്തിലും പരിഭ്രാന്തിയിലുമാണ്. നിയമനഉത്തരവില്‍ ഈ ചട്ടം പറഞ്ഞിട്ടുള്ളവര്‍ക്കെതിരേ മാത്രമേ നടപടിയുണ്ടാവൂ''-അധ്യാപകനായ മോഹന്‍ സിംഗ് കുശ്വാഹ പറഞ്ഞു.
