ഹേമ കമ്മിറ്റി റിപോര്‍ട്ട് ഉടന്‍ പുറത്തുവിടണം: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പഠിച്ച് 2019 ഡിസംബര്‍ 31ന് കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പുറത്തുവിടാത്തത് ദുരൂഹമാണ്.

Update: 2022-01-10 11:51 GMT

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളും വിവേചനങ്ങളും പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ഖജാന്‍ജി മഞ്ജുഷ മാവിലാടം. സ്ത്രീകളുടെ വേതനം, തൊഴിലിടങ്ങളിലെ അവസ്ഥ, അവര്‍ നേരിടുന്ന ചൂഷണം തുടങ്ങിയ പ്രശ്‌നങ്ങള്‍ പഠിച്ച് 2019 ഡിസംബര്‍ 31ന് കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പുറത്തുവിടാത്തത് ദുരൂഹമാണ്. ലിംഗസമത്വവും നവോത്ഥാനവും പാടി നടക്കുന്ന ഇടതുസര്‍ക്കാരാണ് റിപോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്നത് എന്നത് ഏറെ ലജ്ജാകരമാണ്.

ലിംഗനീതിക്കുവേണ്ടി പെണ്‍കുട്ടികളെക്കൊണ്ട് ആണ്‍വേഷം കെട്ടിക്കുന്ന സര്‍ക്കാരാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ ചൂഷണങ്ങളില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്. ചലച്ചിത്ര രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ്(ഡബ്ല്യു.സി.സി) ആവശ്യപ്പെട്ടതനുസരിച്ചാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മീഷനെ നിയോഗിച്ചത്. ഈ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് ഡബ്ല്യു.സി.സി രംഗത്തുവന്നിട്ടും സര്‍ക്കാര്‍ അനുകൂലമായി പ്രതികരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. ഹേമ കമ്മിറ്റി റിപോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും സിനിമ മേഖലയിലെ വനിതകള്‍ നേരിടുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനു സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മഞ്ജുഷ മാവിലാടം വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News