യുപിയില്‍ ഉവൈസിയുടെ വാഹനവ്യൂഹത്തിനുനേരെ വെടിവയ്പ്; രണ്ട് പേരെ അറസ്റ്റ് ചെയ്തു
ലഖ്‌നോ; എഐഎംഐഎം നേതാവും ലോക്‌സഭാ അംഗവുമായ അസദുദ്ദീന്‍ ഉവൈസിയുടെ വാനവ്യൂഹത്തിനുനേരെ വെടിയുതിര്‍ത്ത രണ്ട് പേരെ യുപി പോലിസ് പിടികൂടി. ഡല്‍ഹിയില്‍ നിന്ന് മീററ്റിലേക്ക് പോകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ ആക്രമണം നടന്നത്.
ഉവൈസിയുടെ വാഹനത്തിന്റെ ടയറുകള്‍ വെടിവയ്പില്‍ തകര്‍ന്നു. മറ്റൊരു വാഹനത്തിലാണ് അദ്ദേഹം പിന്നീട് ആത്ര തുടര്‍ന്നത്.
ആക്രമണത്തെക്കുറിച്ച് ലോക്‌സഭാ സ്പീക്കറുമായി സംസാരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പോലിസ് പറയുന്നതനുസരിച്ച് നാല് തവണയാണ് വെടിവയ്പ് ഉണ്ടായത്. ആര്‍ക്കും പരിക്കില്ല. ഛജാര്‍സി ടോള്‍പ്ലാസയ്ക്ക് സമീപം വൈകീട്ട് 5.30നാണ് ആക്രമണം നടന്നത്.
ഗൗതം ബുദ്ധനഗര്‍ സ്വദേശി സച്ചിന്‍ ശര്‍മ, സഹരന്‍പൂര്‍ സ്വദേശി ശുഭം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സച്ചിന്റെ കയ്യില്‍ നിന്ന് പിസ്റ്റല്‍ കണ്ടെടുത്തു.
ഉവൈസിയുടെ പ്രസംഗത്തോടുള്ള വിയോജിപ്പാണ് ആക്രമണകാരണമെന്ന് പ്രതി പോലിസിനോട് പറഞ്ഞു.
ആക്രമണം നടന്ന വാഹനത്തിന്റെ ഫോട്ടോ ഉവൈസി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചു.