ഉദ്ദവ് താക്കറെയുടെ രാജിയില്‍ സന്തോഷമില്ലെന്ന് ശിവസേനാ വിമതര്‍

Update: 2022-06-30 03:30 GMT

പനാജി: മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ഉദ്ദവ് താക്കറെ രാജിവച്ചത് തങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമല്ലെന്ന് ഏകനാഥ് ഷിന്‍ഡെ ക്യാമ്പില്‍ നിന്നുള്ള വിമത ശിവസേന എംഎല്‍എ ദീപക് കേസാര്‍ക്കര്‍. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും കോണ്‍ഗ്രസുമായും ഉണ്ടാക്കിയ സഖ്യമാണ് പാര്‍ട്ടിക്കുള്ളിലെ വിള്ളലിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പങ്കും അദ്ദേഹം അടിവരയിട്ടു.

സഞ്ജയ് റാവത്തിന് പാര്‍ട്ടിയില്‍ ലഭിച്ച പ്രാമുഖ്യമാണ് വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെയെ പ്രോകപിപ്പിച്ചതെന്ന വാര്‍ത്ത ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

'ഞങ്ങള്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ ഉദ്ദവ് താക്കറെ ശ്രദ്ധിച്ചില്ല,' ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദീപക് കേസാര്‍ക്കര്‍ പറഞ്ഞു. ''എന്‍സിപിയോടും കോണ്‍ഗ്രസിനോടും പോരാടുമ്പോള്‍ ഞങ്ങളുടെ നേതാവിനോടും ദേഷ്യം തോന്നിയതില്‍ ഞങ്ങള്‍ക്കെല്ലാം സങ്കടമുണ്ട്.''

കേന്ദ്രസര്‍ക്കാരിനെതിരെ എല്ലാ ദിവസവും പ്രസ്താവനകള്‍ നടത്തുകയും കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ മോശം ബന്ധം സൃഷ്ടിക്കുകയും ചെയ്യുന്ന എന്‍സിപിയും സഞ്ജയ് റാവത്തുമാണ് പാര്‍ട്ടിയിലെ പിളര്‍പ്പിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രത്യയശാസ്ത്രപരമായി പൊരുത്തപ്പെടാത്ത കോണ്‍ഗ്രസുമായും എന്‍സിപിയുമായും 'അസ്വാഭാവിക' സഖ്യം അവസാനിപ്പിച്ച് ബിജെപിയുമായി വീണ്ടും ഒന്നിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് വിമതര്‍ പറഞ്ഞത്. എട്ട് ദിവസത്തെ രാഷ്ട്രീയ പ്രതിസന്ധിക്കുശേഷം ഗവര്‍ണറുടെ ഉത്തരവനുസരിച്ച് അവിശ്വാസം അവതരിപ്പിക്കാനിരിക്കെയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്.

ഷിന്‍ഡെയുടെ കലാപത്തെത്തുടര്‍ന്ന് ശിവസേനയുടെ അംഗബലം 15 ആയി ചുരുങ്ങിയിരുന്നു. 

Tags:    

Similar News