ശിവസേനയിലെ വിമതഭീഷണി ലോക്‌സഭയിലേക്കും: ചീഫ് വിപ്പിനെ സ്ഥാനഭ്രഷ്ടനാക്കി പകരം ആളെ നിയമിച്ചു
ന്യൂഡല്‍ഹി: ഇനിയും മാറ്റമില്ലാതെ തുടരുന്ന വിമതഭീഷണിയുടെ പശ്ചാത്തലത്തില്‍ ശിവസേന ഉദ്ദവ് താക്കറെ വിഭാഗം ലോക്‌സഭയിലെ ചീഫ് വിപ്പിനെ മാറ്റി പുതിയ നേതാവിനെ നിയമിച്ചു. ഭാവ്‌ന ഗൗലിയെ മാറ്റി പകരം രാജന്‍ വിചാരെയെയാണ് നിയമിച്ചത്. ചീഫ് വിപ്പിനെ മാറ്റി പകരം മറ്റൊരാളെ നിയമിച്ചെന്നു സൂചിപ്പിക്കുന്ന കത്ത് ലോക്‌സഭാ സ്പീക്കര്‍ക്ക് മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്താണ് അയച്ചത്.
മഹാരാഷ്ട്ര എംഎല്‍എമാര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ച അതൃപ്തി എംപിമാര്‍ക്കിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ലോക്‌സഭയില്‍ ശിവസേനക്ക് 19ഉം രാജ്യസഭയില്‍ 3ഉം അംഗങ്ങളാണ് ഉള്ളത്.
ഷിന്‍ഡെയുടെ നേതൃത്വത്തില്‍ നടന്ന എംഎല്‍എമാരുടെ കലാപത്തില്‍ 55ല്‍ 40 പേരും ശിവസേന വിട്ടുപോയിരുന്നു. കൂടാതെ അധികാരവും നഷ്ടപ്പെട്ടു.
കഴിഞ്ഞ ആഴ്ചയാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.
കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസവോട്ടെടുപ്പില്‍ 288ല്‍ 164 വോട്ടുകളാണ് ഷിന്‍ഡെക്ക് കിട്ടിയത്. ഭൂരിപക്ഷ ലഭിക്കാന്‍ 144 വോട്ടാണ് വേണ്ടിയിരുന്നത്.
99 എംഎല്‍എമാരാണ് ഷിന്‍ഡെക്കെതിരേ വോട്ട് ചെയ്തത്. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ 107 വോട്ടാണ് ശിവസേനാ സഖ്യത്തിന് ലഭിച്ചത്.