ഇന്ധനവില വര്‍ധന: പഞ്ചാബ് വിധാന്‍സഭയില്‍ ശിരോമണി അകാലിദള്‍ പ്രതിഷേധം; സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന് ആവശ്യം

Update: 2021-03-04 09:16 GMT

ചണ്ഡീഗഢ്: രാജ്യത്ത് ഇന്ധനവില വര്‍ധിച്ചുവരുന്നതിനെതിരേ പഞ്ചാബ് വിധാന്‍ സഭയിലെ ശിരോമണി അകാലിദള്‍ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റ് സമ്മേളനത്തില്‍ ശൂന്യവേള കഴിഞ്ഞ ഉടന്‍ തന്നെയാണ് ഇന്ധന വില വര്‍ധനക്കെതിരേ മുദ്രാവാക്യവുമായി നേതാക്കള്‍ ഇറങ്ങിപ്പോയത്. ഡീസലിലും പെട്രോളിലും ചുമത്തുന്ന വാറ്റ് നികുതി കുറയ്ക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.

പെട്രോളിലും ഡീസലിലും ചുമത്തുന്ന 27 ശതമാനം നികുതി കുറയ്ക്കണമെന്നും ഇന്ധനവില വര്‍ധനയുടെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിനു മേലിട്ട് സംസ്ഥാന സര്‍ക്കാര്‍ കൈകഴുകുകയാണെന്നും അംഗങ്ങള്‍ ആരോപിച്ചു.

''കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവില നയങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാരിനൊപ്പം നിന്ന് പോരാടാന്‍ തയ്യാറാണ്. പ്രക്ഷോഭം ഡല്‍ഹിയില്‍ നിന്നുതന്നെ ആരംഭിക്കണം. പക്ഷേ, അതിനു മുമ്പ് സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് ലഭിക്കുന്ന നികുതി കുറയ്ക്കണം. നികുതിയിനത്തില്‍ സംസ്ഥാനത്തിന് 27.26 ശതമാനമാണ് ലഭിക്കുന്നത്. അത് വെട്ടിക്കുറയ്ക്കണം'' ശിരോമണി അകാലിദള്‍ നേതാവ് ധില്‍ഷന്‍ ആവശ്യപ്പെട്ടു.

വാറ്റ് ഇനത്തില്‍ ചുമത്തുന്ന നികുതിയ്ക്കനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ഇന്ധനവില വ്യത്യസ്തമാണ്.

Tags: