ഷെര്‍ലി ശീതകൊടുങ്കാറ്റ്: യുഎസില്‍ 300 അപകടം; 9 മരണം

ഒറ്റരാത്രികൊണ്ട് മുന്നൂറിലധികം അപകടങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഷെര്‍ലി കൊടുങ്കാറ്റ് കാരണം സംസ്ഥാനങ്ങളിലുടനീളം 1,200 ലധികം വിമാനങ്ങള്‍ റദ്ദാക്കി.

Update: 2021-02-12 10:32 GMT

ടെക്‌സസ്: ഷെര്‍ലി ശീതകൊടുങ്കാറ്റിനെ യുഎസിന്റെ തെക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കി. ശക്തമായ മഞ്ഞുവീഴ്ച്ച നിരവധി വാഹനാപകടങ്ങള്‍ക്ക് കാരണമായി. ഇന്നലെ ഒറ്റ ദിവസം മാത്രം 300ഓളം അപകടങ്ങളുണ്ടായി . വിവിധ അപകടങ്ങളില്‍ ഒമ്പത് പേര്‍ മരിച്ചു. 65 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.


ടെക്‌സസ് ഫ്രീവേയില്‍ ഇന്നലെ രാവിലെ 133 കാര്‍ അപകടങ്ങളാണ് സംഭവിച്ചത്. ഇതില്‍ ആറ് പേര്‍ മരിച്ചു. രാവിലെ ആറ് മണിക്ക് ശേഷം ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്തിനടുത്തുള്ള അന്തര്‍സംസ്ഥാന പാതയായ 35 ലാണ് ദുരന്തമുണ്ടായത്. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഹൈവേയായതിനാല്‍ വളരെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഒന്നിന് പുറകേ ഒന്നായി കൂട്ടിയിടിച്ചു. ശക്തമായ മഞ്ഞ് വീഴ്ചയില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമായതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം. ഹൈവേകളിലെ അമിതവേഗതയും അപകടങ്ങള്‍ക്ക് കാരണമായി. കൂട്ടിയിടിയെ തുടര്‍ന്ന് ടെക്‌സസില്‍ രണ്ടര കിലോമീറ്ററോളം ഗതാഗതക്കുരുക്കുണ്ടായി. ഡള്ളസില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.


ഒറ്റരാത്രികൊണ്ട് മുന്നൂറിലധികം അപകടങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഷെര്‍ലി കൊടുങ്കാറ്റ് കാരണം സംസ്ഥാനങ്ങളിലുടനീളം 1,200 ലധികം വിമാനങ്ങള്‍ റദ്ദാക്കി. ടെക്‌സസ്, അര്‍ക്കന്‍സാസ്, ടെന്നസി എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച്ചയുണ്ടായി. കെന്റക്കിയിലെ ലൂയിസ് വില്ലില്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട് മാത്രം 20 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഓസ്റ്റിനില്‍ 26 കാറുകളാണ് കൂട്ടിയിടിച്ചത്.


ജൂലിയസ് സ്‌കെപ്‌സ് ഫ്രീവേ 18 ല്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അമിത വേഗതയില്‍ വന്ന കാര്‍ റോഡിലെ മഞ്ഞില്‍ നിയന്ത്രണം വിടുകയും മീഡിയനിലേക്ക് ഇടിച്ച് കയറുകയുമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മഞ്ഞുമൂടിയ റോഡുകളാണ് ഡാളസില്‍ കുറഞ്ഞത് മൂന്ന് മരണങ്ങള്‍ക്ക് കാരണമെന്ന് ഡാളസ് പൊലീസ് വക്താവ് തമിക ഡാമെറോണ്‍ സിഎന്‍എന്നിനോട് പറഞ്ഞു.




Tags: