തനിക്കെതിരായ വിധി പക്ഷപാതപരവും രാഷ്ട്രീയ പ്രേരിതവുമെന്ന് ഷെയ്ഖ് ഹസീന

Update: 2025-11-17 09:46 GMT

ന്യൂഡല്‍ഹി: തനിക്കെതിരായ വിധി പക്ഷപാതപരമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വിധി തെറ്റാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും അവര്‍ വ്യക്തമാക്കി. പൊതുജനാഭിപ്രായമില്ലാത്ത, തിരഞ്ഞെടുക്കപ്പെടാത്ത ഒരു സര്‍ക്കാര്‍ നടത്തുന്ന ട്രൈബ്യൂണലിന്റഎ വിധിയാണ് ഇതെന്നും അവര്‍ പറഞ്ഞു.

യഥാര്‍ത്ഥ സംഭവങ്ങള്‍ എന്തെന്ന ഒരന്വേഷണവും നടന്നിട്ടില്ലെന്നും ഇത് അവാമി ലീഗിനെ ലക്ഷ്യം വയ്ക്കാനുള്ള ശ്രമമാണെന്ന് ആളുകള്‍ക്ക് മനസിലാകുമെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. യൂനുസ് സര്‍ക്കാരിന്റെ കീഴില്‍ പോലിസ് സംവിധാനം ദുര്‍ബലമായെന്നും, നീതിന്യായ വ്യവസ്ഥ ദുര്‍ബലമായെന്നും അവര്‍ പറഞ്ഞു. അവാമി ലീഗ് അനുയായികള്‍ക്കും ഹിന്ദു-മുസ് ലിം ന്യൂനപക്ഷങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു. സ്ത്രീകളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്നും ഹസീന കൂട്ടിചേര്‍ത്തു.

കൊലപാതകത്തിന് പ്രേരണ നല്‍കുക, കൊലപാതകത്തിന് ഉത്തരവിട്ടു എന്നീ രണ്ട് കുറ്റങ്ങള്‍ ചുമത്തിയാണ് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. 2024 ലെ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ നടന്ന കൊലപാതകങ്ങളുടെ സൂത്രധാരി എന്നാണ് ട്രൈബ്യൂണല്‍ അവരെ വിശേഷിപ്പിച്ചത്. 12 പേരെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അസദുസ്സമാന്‍ ഖാനും കോടതി വധശിക്ഷ വിധിച്ചു.അതേസമയം, മൂന്നാം പ്രതിയായ മുന്‍ ഐജിപി അബ്ദുള്ള അല്‍-മാമുന് അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.

Tags: