അനധികൃത സ്വത്ത് സമ്പാദനക്കേസ്: പത്ത് കോടി പിഴയടച്ച് ശശികല

Update: 2020-11-19 06:15 GMT
ചെന്നൈ: അനധികൃത സ്വത്തു സമ്പാദന കേസില്‍ തടവില്‍ കഴിയുന്ന വി കെ ശശികല 10 കോടി പിഴത്തുക അടച്ചു. ഇതോടെ ശശികലക്ക് വരുന്ന ജനുവരിയില്‍ ഉടന്‍ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകന്‍ എന്‍ രാജ സെന്തൂര്‍ പാണ്ഡ്യനെ പറഞ്ഞു.

 

എന്നാല്‍ ശശികലയുടെ കാര്യത്തില്‍ എ.ഐ.ഡി.എം.കെ നിലപാട് മാറ്റിയിട്ടില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമി പറഞ്ഞു. തിരിച്ചെത്തുന്ന ശശികലക്കും കുടുംബത്തിനും പാര്‍ട്ടിയിലോ സര്‍ക്കാറിലോ സ്ഥാനമുണ്ടായിരിക്കുന്നതല്ലെന്നും പളനിസ്വാമി പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയോടെ ശശികല പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി ബെംഗളൂരുവിലെ പരപ്പന അഗഹാര സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചു വരികയാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായ ശശികല.അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ 2017ലാണ് ശശികല അറസ്റ്റ് ചെയ്യപ്പെട്ടത്. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവില്‍ പോയത്.

ശശികലയുടെ കുടുംബാംഗങ്ങളും അഭിഭാഷകരുടെ സംഘവും ബെംഗളൂരുവിലെത്തിയാണ് 10 കോടിയുടെ രണ്ട് ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ പ്രത്യേക കോടതിയില്‍ അടച്ചത്. സുപ്രീം കോടതിയാണ് ശശികലക്ക് നാലു വര്‍ഷം തടവും 10 കോടി പിഴ ശിക്ഷയും വിധിച്ചിരുന്നത്. തടവ് ശിക്ഷയുടെ കാലാവധി ജനുവരി 27 ന് തീരും. പയസ് ഗാര്‍ഡനിലെത് ഉള്‍പ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുവകകള്‍ ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു.