കേന്ദ്ര ഐടി മന്ത്രിക്കു പിന്നാലെ ശശി തരൂരിന്റെയും അക്കൗണ്ട് ട്വിറ്റര്‍ താല്‍ക്കാലികമായി ബ്ലോക് ചെയ്തു

Update: 2021-06-25 13:38 GMT

ന്യൂഡല്‍ഹി: കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ടിനു പിന്നാലെ ശശി തരൂരിന്റെ അക്കൗണ്ടും ട്വിറ്റര്‍ താല്‍ക്കാലികമായി ബ്ലോക് ചെയ്തു. തനിക്ക് ഏകദേശം ഒരു മണിക്കൂര്‍ നേരം ട്വിറ്ററില്‍ ലോഗ് ഇന്‍ ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ശശി തരൂര്‍ പറഞ്ഞു.

ട്വിറ്ററിനെ ചോദ്യം ചെയ്ത ഐടി പാര്‍ലമെന്ററി സമിതി സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനാണ് തരൂര്‍. അക്കൗണ്ട് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിന്റെ കാരണം ആരാഞ്ഞിട്ടുണ്ടെന്ന് തരൂര്‍ പറഞ്ഞു. ബ്ലോക് ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ എന്താണെന്നും ആരാഞ്ഞിട്ടുണ്ട്.

തന്റെ അക്കൗണ്ട് താല്‍ക്കാലികമായി പൂട്ടിയ വിവരം കൂ ആപ്പിലൂടെയാണ് കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചത്. തനിക്ക് ഒരു മണിക്കൂര്‍ പ്രവേശനം നല്‍കിയില്ലെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. യുഎസ് പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ചത്.

സ്വന്തം അജണ്ട നടപ്പാക്കാനാണ് ട്വിറ്ററിന് താല്‍പ്പര്യമെന്നും ഏത് പ്ലാറ്റ്ഫോം ആണെങ്കിലും ഐടി ചട്ടം നടപ്പാക്കേണ്ടിവരുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.