'കുടുബംത്തേക്കാള്‍ വലുതല്ല ഏത് പാര്‍ട്ടി സെക്രട്ടറിയുടെ മകനും'; വക്കീല്‍ നോട്ടിസിന് മറുപടി നല്‍കുമെന്ന് ഷര്‍ഷാദ്
തിരുവനന്തപുരം: കത്ത് ചോര്‍ച്ച വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വക്കീല്‍ നോട്ടിസിന് വൈകാതെ മറുപടി നല്‍കുമെന്ന് ചെന്നൈ വ്യവസായി ഷര്‍ഷാദ്. കുടുബംത്തേക്കാള്‍ വലുതല്ല പാര്‍ട്ടി സെക്രട്ടറിയുടെ മകനെന്നും പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരുമെന്നും ഷര്‍ഷാദ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. കോടതിയില്‍ കാണാമെന്നും ഷര്‍ഷാദ് പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
സഖാവ് ഗോവിന്ദന്‍ മാഷിന്റെ വക്കീല്‍ നോട്ടീസ് ഒരു മീഡിയ സുഹൃത്തു മുഖേനെ ലഭിച്ചു. എന്റെ അഡ്വക്കേറ്റ് വിശദമായ മറുപടി നല്‍കുന്നതാണ്. ശേഷം കോടതിയില്‍. കുടുംബം തകര്‍ത്തവന്റെ കൂടെ ആണ് പാര്‍ട്ടിയെങ്കില്‍ ആ പാര്‍ട്ടിയോട് ഗുഡ് ബൈ പറയേണ്ടി വരും. കുടുബംത്തേക്കാള്‍ വലുതല്ല ഏത് പാര്‍ട്ടി സെക്രട്ടറിയുടെ മകനും. ഇനിമുതല്‍ ലൈവും ബ്രെക്കിങ്ങും ചെന്നൈയിയില്‍ നിന്ന്.
അതേസമയം, ഗോവിന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ നോട്ടീസ് ലഭിച്ച് മൂന്ന് ദിവസത്തിനകം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കുമെന്നുമാണ് നോട്ടീസില്‍ പറയുന്നത്. ഷര്‍ഷാദിന്റെ നടപടി എംവി ഗോവിന്ദന്റെ പ്രതിച്ഛായയെയും രാഷ്ട്രീയ വിശ്വാസ്യതയെയും ബാധിച്ചെന്നും വ്യക്തമാക്കുന്നു. മകന്‍ വഴി രഹസ്യ രേഖ ചോര്‍ത്തിയെന്ന തരത്തിലാണ് ആരോപണം ഉന്നയിച്ചിട്ടുള്ളതെന്നും ഇത് അടിസ്ഥാന രഹിതവും ദുരുദ്ദേശപരവുമെണെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
'മാസങ്ങള്‍ക്ക് മുമ്പ് പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി എം.വി ഗോവിന്ദന്റെ മകന്‍ വഴിയാണ് ചോര്‍ന്നതെന്നാണ് അച്ചടി , ദൃശ്യമാദ്ധ്യമങ്ങള്‍ താങ്കളെ ഉദ്ധരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത്. താങ്കള്‍ക്കെതിരെ 10 കോടിയുടെ മാനനഷ്ടക്കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ പ്രാവാസി വ്യവസായി രാജേഷ് കൃഷ്ണയുമായി ബന്ധമുള്ളതു കൊണ്ടാണ് എം.വി ഗോവിന്ദന്റെ മകന്‍ വഴി പരാതി ചോര്‍ത്തിയെന്ന് താങ്കള്‍ ആരോപിച്ചിട്ടുള്ളത്. എന്നാല്‍ താങ്കളുടെ പരാതി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ച ദിവസം മുതല്‍ അത് സമൂഹമാദ്ധ്യമങ്ങളില്‍ ലഭ്യമാണ്. .ഗോവിന്ദനെതിരായ ആരോപണങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് 2024 മേയ് 17 ന് താങ്കള്‍ സി.പി.എമ്മിന് കത്ത് നല്‍കിയിട്ടുമുണ്ട്. പിന്നീടും അത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്.അഞ്ച് പതിറ്റാണ്ടായി സി.പി.എമ്മില്‍ ഉയര്‍ന്ന പ്രതിച്ഛായയുള്ള വ്യക്തിയാണ് ഗോവിന്ദന്‍. ഷര്‍ഷാദിന്റെ ആരോപണങ്ങള്‍ അതിന് മങ്ങലേല്‍പ്പിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആക്ഷേപങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ നിന്ന് പിന്‍വലിച്ച് അതത് പ്‌ളാറ്റ്‌ഫോമുകളില്‍ മാപ്പ് പ്രസിദ്ധീകരിക്കണം', -നോട്ടീസില്‍ ആവശ്യപ്പെടുന്നു.
