സൈന്യത്തിന് നിശിത വിമര്‍ശനം; വനിതകള്‍ക്കും എന്‍ഡിഎ പരീക്ഷയെഴുതാമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: സപ്തംബര്‍ 5ാം തിയ്യതി നടക്കാനിരിക്കുന്ന എന്‍ഡിഎ പ്രവേശന പരീക്ഷയില്‍ വനിതകള്‍ക്കും പരീക്ഷയെഴുതാന്‍ സുപ്രിംകോടതിയുടെ അനുമതി. ലിംഗവിവേചനം പുലര്‍ത്തുന്ന സേനയുടെ മനോഘടനയെ കോടതി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
നേവല്‍ അക്കാദമിയിലും ഡിഫന്‍സ് അക്കാദമിയിലും പരീക്ഷക്കിരിക്കാന്‍ വനിതകളെ അനുവദിക്കാത്തതിനെതിരേ നല്‍കിയ പൊതുതാല്‍പ്പര്യ ഹരജി പരിഗണിച്ച ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെടുന്ന ബെഞ്ചാണ് വനിതകളെ എന്‍ഡിഎ പരീക്ഷക്കിരിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ പരീക്ഷയുടെ ഫലം പുറത്തുവിടുന്നത് അന്തിമവിധിക്കനുസരിച്ചായിരിക്കുമെന്നും കോടതി അറിയിച്ചു. യുപിഎസ്‌സിക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലും ഓഫീസേഴ്‌സ് ട്രയിനിങ് അക്കാദമിയിലും വനിതകളെ പ്രവേശിപ്പിക്കാത്തത് ലിംഗവിവേചനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വനിതകളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുന്നത് നയപരമായ തീരുമാനത്തിന്റെ ഭാഗമാണ്. അതില്‍ കോടതിക്ക് ഇടപെടാന്‍ ആവില്ല. എന്‍ഡിഎയില്‍ പ്രവേശിപ്പിച്ചില്ലെന്നതുകൊണ്ട് വനിതകള്‍ക്ക് സേനയില്‍ മുന്നേറ്റമുണ്ടാവില്ലെന്ന് അര്‍ത്ഥമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
സൈന്യത്തിന്റെ മനോഘടന മാറാത്തതില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ സ്വമേധയാ ചെയ്യണമെന്നും കോടതിയുടെ ഉത്തരവുകള്‍ക്ക് വേണ്ടി കാത്തിരിക്കേണ്ടതില്ലെന്നും ജസ്റ്റിസ് കൗള്‍ ഉപദേശിച്ചു. ഷോര്‍ട്ട് സര്‍വീസ് വനിതാ ഓഫിസര്‍മാര്‍ക്ക് സ്ഥിരം കമ്മീഷന്‍ നല്‍കണമെന്ന കേസില്‍ ജസ്റ്റിസ് ചന്ദ്രചൂഢ് നല്‍കിയ വിശദീകരണത്തെക്കുറിച്ചും കോടതി ഉത്തരവില്‍ സൂചന നല്‍കി. ഏത് സമയത്തും കോടതിയുടെ ഇടപെടലിനുവേണ്ടി കാത്തിരിക്കരുതെന്നും ജസ്റ്റിസ് കൗണ്‍ ഉപദേശിച്ചു.
