കൊച്ചി: ഇന്ത്യയിലെ സ്രാവ് പിടിത്തവും വ്യാപാരവുമായി ബന്ധപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) പഠന സമിതി രൂപീകരിക്കും. വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതികള്‍ക്ക് പിന്നാലെ വിവിധയിനം സ്രാവ്-തിരണ്ടി മല്‍സ്യബന്ധനത്തിലും വ്യാപാരത്തിലും കയറ്റുമതിയിലും നിയന്ത്രണം വന്നിരുന്നു.
മല്‍സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കുന്നതിനും അപ്രതീക്ഷിതമായി സ്രാവ് മീന്‍പിടുത്ത വലകളില്‍ കുടുങ്ങുന്നത് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിനുമാണ് സമിതിയുടെ പഠനം എന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് വ്യക്തമാക്കി. 'സ്രാവ്-തിരണ്ടി സംരക്ഷണവും മല്‍സ്യത്തൊഴിലാളി ഉപജീവനമാര്‍ഗവും' എന്ന വിഷയത്തില്‍ സിഎംഎഫ്ആര്‍ഐ സംഘടിപ്പിച്ച ശില്‍പശാലയിലാണ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ജൈവവൈവിധ്യ സംരക്ഷണവും തീരദേശ സമൂഹങ്ങളുടെ ജീവിതസുരക്ഷയും ഒരുമിച്ച് ഉറപ്പാക്കുന്ന സന്തുലിതമായ സമീപനമാണ് ആവശ്യമെന്ന് ശില്‍പശാലയിലെ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ സ്രാവ് പിടിച്ചതുമായി ബന്ധപ്പെട്ട് മല്‍സ്യത്തൊഴിലാളികള്‍ക്കും എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും ഇടയില്‍ ഉണ്ടായ ആശയക്കുഴപ്പം ചൂണ്ടിക്കാട്ടി. ആഭ്യന്തര വ്യാപാരത്തിന് നിയന്ത്രണമില്ലെങ്കിലും കയറ്റുമതിയിലാണ് വിലക്ക്. നിയമം ഫലപ്രദമായി നടപ്പാക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം, മല്‍സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ നിരീക്ഷണം, സ്വയം നിയന്ത്രണം, ശാസ്ത്രീയ വിലയിരുത്തല്‍, കയറ്റുമതിക്ക് ആവശ്യമായ ശാസ്ത്രാധിഷ്ഠിത പഠനങ്ങള്‍ എന്നിവ അനിവാര്യമാണെന്ന് സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി.
