ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യ ഹരജി; നോട്ടിസ് അയച്ച് ഡല്‍ഹി ഹൈക്കോടതി

Update: 2022-03-09 14:12 GMT

ന്യൂഡല്‍ഹി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും പൗരത്വസമരത്തിന്റെ മുന്‍നിര പോരാളിയുമായ ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ തള്ളിയതിനെതിരേ നല്‍കിയ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു. ജാമ്യം നിഷേധിച്ച പ്രത്യേക കോടതിയുടെ ഉത്തരവിനെതിരേയാണ് ഷര്‍ജീല്‍ ഇമാം ഹൈക്കോടതിയെ സമീപിച്ചത്.

അലിഗഢ് മുസ് ലിം സര്‍വകലാശാലയിലും ജാമിഅ മിലിയയിലും സിഎഎ സമരകാലത്ത് ദേശദ്രോഹകരവും പ്രകോപനപരവുമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ഷര്‍ജീല്‍ ഇമാമിനെതിരേയുള്ള കേസ്.

ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് മൃദുല്‍, എ.കെ. മെന്‍ദിരത്ത എന്നിവരാണ് ഹരജി പരിഗണിച്ചത്. ഇമാമിനുവേണ്ടി ഹാജരായ തന്‍വീര്‍ അഹമ്മദ് മിറിനോട് പ്രത്യേക കോടതി ഇമാമിന്റെ ജാമ്യഹരജി തള്ളിയതിന് കീഴ്‌ക്കോടതി കാരണമെന്താണ് പറഞ്ഞിരുന്നതെന്ന് ചോദിച്ചു.

ഷര്‍ജീലിന്റെ പ്രസംഗം രാജ്യദ്രോഹകരമാണെന്നായിരുന്നു കോടതിയുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രസംഗത്തിലെ ഒരു വരി അടര്‍ത്തിയെടുത്താണ് കോടതി ഇത്തരമൊരു നിഗമനത്തിലെത്തിയതെന്ന് അഭിഭാഷകന്‍ വാദിച്ചു. തന്റെ കക്ഷിക്ക് കലാപം വിതക്കാനോ ആക്രമണം അഴിച്ചുവിടാനോ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചാണ് കോടതി ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നും മിര്‍ വാദിച്ചു.

പ്രതി പ്രത്യേകിച്ചൊന്നും ചെയ്തതായി തോന്നുന്നില്ല. എല്ലാ കുറ്റങ്ങളും ഏഴ് വര്‍ഷം താഴെ ശിക്ഷയുള്ളതാണെന്നും കോടതി നിരീക്ഷിച്ചു.

തെളിവുകള്‍ നശിപ്പിച്ചതിനെക്കുറിച്ചുള്ള ഡല്‍ഹി പോലിസിന്റെ വാദത്തിന് എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു. സാക്ഷികളുണ്ടോയെന്നും ആരാഞ്ഞു. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തണമെങ്കില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ നിരന്തരമായി ചെയ്തിരിക്കേണ്ടതുണ്ടെന്നും അതുണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു.

മാര്‍ച്ച് 24ന് കേസ് വീണ്ടും പരിഗണിക്കും.

Tags:    

Similar News