ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല; നടപടി എക്‌സിക്യൂട്ടീവ് തീരുമാനിക്കും: 'അമ്മ' സംഘടന

Update: 2022-06-26 13:50 GMT

കൊച്ചി: നടന്‍ ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ലെന്ന് താരസംഘടനയായ അമ്മ. ഷമ്മി ഇപ്പോഴും താരസംഘടനയിലെ അംഗമാണ്. ജനറല്‍ ബോഡിക്ക് പുറത്താക്കാന്‍ അധികാരമില്ല. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അതിന് അധികാരം. ഭൂരിഭാഗം താരങ്ങളും ഷമ്മിയെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടതെന്നും ഷമ്മി നടത്തുന്ന പ്രതികരണങ്ങളില്‍ അംഗങ്ങള്‍ക്ക് വലിയ അതൃപ്തിയുണ്ടെന്നും കൊച്ചിയില്‍ അമ്മ ഭാരവാഹികള്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ നടന്‍ സിദ്ദീഖ് പറഞ്ഞു.

കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്‌ക്കെതിരേ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതില്‍ അമ്മയുടെ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോഗം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. ഷമ്മിയോട് വിശദീകരണം ചോദിക്കും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കും. അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് നടപടിയെടുക്കുക.

ഇന്ന് അദ്ദേഹം വരാതിരുന്നതിനാല്‍ അദ്ദേഹത്തിന് പറയാനുള്ളതെന്തെന്ന് കേട്ടിരുന്നില്ല. ഭൂരിഭാഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്നതായിരുന്നു. അതേസമയം, വിജയ് ബാബു വിഷയത്തില്‍ അമ്മയിലെ പരാതി പരിഹാര സെല്ലില്‍ നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചതായി അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. അമ്മയിലെ ആഭ്യന്തര പരാതി പരിഹാര സെല്‍ ഇനിയുണ്ടാവില്ല. പകരം സിനിമയ്ക്ക് മൊത്തമായി സെല്‍ വരും. കേരള ഫിലിം ചേംബറിന്റെ കീഴിലാരും ഈ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുക. വിജയ് ബാബുവിനെതിരേ തല്‍ക്കാലം നടപടിയില്ല.

കോടതി തീരുമാനം വന്ന ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. കോടതി വിധി എല്ലാവരും കാത്തിരിക്കുകയാണ്. അമ്മ ഒരു ക്ലബ് ആണ്. വിജയ് ബാബു കൊച്ചിയിലെ മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണ്. മാറിനില്‍ക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്നതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കും. അമ്മ തൊഴില്‍ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷം ബൈലോയില്‍ ഭേദഗതി വരുത്തി. പുതിയ നടപടികള്‍ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു പറഞ്ഞു. വിജയ് ബാബു തിരഞ്ഞെടുക്കപ്പെട്ട അംഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാവില്ല. ദിലീപിനെ പുറത്താക്കാന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് നടന്‍ സിദ്ദീഖ് കൂട്ടിച്ചേര്‍ത്തു.

Tags: