ശൈലജ ടീച്ചര്‍ക്കും ഗൗരിയമ്മയുടെ ഗതി : ജെ.എസ്.എസ്

തോമസ് ഐസക്ക്, ജി സുധാകരന്‍, പി ജയരാജന്‍ തുടങ്ങി ജനകീയ അടിത്തറയുള്ളതും നിഷ്പക്ഷമതികളുമായ നേതാക്കളോടും സിപിഎം. പുലര്‍ത്തിയത് ഈ ഫാഷിസ്റ്റ്‌ നയമാണ്

Update: 2021-05-18 14:35 GMT

കൊച്ചി : ശൈലജ ടീച്ചര്‍ക്കും ഗൗരിയമ്മയുടെ ഗതി തന്നെയെന്ന് ജെ.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ എന്‍ രാജന്‍ ബാബു. എം വി രാഘവന്‍, കെ ആര്‍ ഗൗരിയമ്മ എന്നീ ജനകീയ നേതാക്കളോട് ചെയ്ത അതേ വെട്ടിനിരത്തല്‍ ശൈലിയാണ് വീണ്ടും സിപിഎംല്‍ അരങ്ങേറിയത്. ഇക്കുറി തോമസ് ഐസക്ക്, ജി സുധാകരന്‍, പി ജയരാജന്‍ തുടങ്ങി ജനകീയ അടിത്തറയുള്ളതും നിഷ്പക്ഷമതികളുമായ നേതാക്കളോടും സിപിഎം. പുലര്‍ത്തിയത് ഈ ഫാഷിസ്റ്റ്‌  നയമാണ്. നെല്‍വയല്‍ നികത്തല്‍ നിയമത്തില്‍ മുതലാളി വ്യവസായികള്‍ക്ക് അനുകൂലമായ ഭേദഗതി കൊണ്ടുവന്നപ്പോള്‍ സിപിഐ മന്ത്രിമാരായ പി രാജു, സുനില്‍ കുമാര്‍, തിലോത്തമന്‍,ചന്ദ്രശേഖരന്‍ എന്നിവര്‍ക്കൊപ്പം നിയമന്ത്രി എ എതിര്‍പ്പ് അറിയിച്ച കെ ബാലനും, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാറുകള്‍ക്ക് നാഷ്ണല്‍ ഹൈവേകളില്‍ ദൂരപരിധി 50 മീറ്ററാക്കി കുറച്ചപ്പോള്‍ നാടാകെ മദ്യഷാപ്പുകള്‍കൊണ്ട് നിറയ്ക്കുകയാണെന്ന് അഭിപ്രായപ്പെട്ട ജി സുധാകരനും മുഖ്യമന്ത്രിയുടെ അപ്രീതിക്ക് പാത്രമായി.

കെവിഡ് കാലഘട്ടത്തില്‍ പൊതുജനാരോഗ്യ സംരക്ഷണത്തിന് പാര്‍ട്ടി ഫ്രാക്ഷന്‍ നിലപാടുകള്‍ക്ക് എതിരായി ഐ.എം.എയുടെയും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നിലപാടുകള്‍ ശരിവച്ചതാണ് ഇക്കുറി കെ കെ ശൈലജയെ നട്ടാല്‍ കുരുക്കാത്ത കാരണം പറഞ്ഞ് മാറ്റി നിര്‍ത്തിയത്. മുഖ്യന്റെ മരുമകന്‍, പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ തുടങ്ങി പുതിയ മന്ത്രിമാരുടെ പട്ടിക പുറത്തുവന്നപ്പോള്‍ ഞെട്ടിയത് തുടര്‍ഭരണം നല്‍കിയ കേരള ജനതയാണ്. അടുത്ത മുഖ്യമന്ത്രിയായി കേരള ജനത നെഞ്ചിലേറ്റിയ കെ കെ ശൈലജ ടീച്ചറെയാണ് ഗൗരിയമ്മയെപ്പോലെ ഇപ്പോള്‍ വലിച്ചെറിഞ്ഞിരിക്കുന്നതെന്നും ജെ.എസ്.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇനിയും അപമാനിതയാകാന്‍ കാത്തു നില്‍ക്കാതെ സി.പി.എം. വിട്ടുവന്നാല്‍ ശൈലജ ടീച്ചറെ സ്വീകരിക്കാന്‍ കെ.ആര്‍ ഗൗരിയമ്മയുടെ പാര്‍ട്ടിയുടെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്നും അഡ്വ.എ.എന്‍.രാജന്‍ ബാബു പറഞ്ഞു.

Tags: