നേതൃമാറ്റത്തില്‍ തീരുമാനമില്ല; ഷെയ്ക് പി ഹാരിസ് അടക്കം മൂന്ന് നേതാക്കള്‍ എല്‍ജെഡിയില്‍ നിന്ന് രാജിവച്ചു

Update: 2021-12-17 10:09 GMT

തിരുവനന്തപുരം: ഷെയ്ക് പി ഹാരിസ് അടക്കം മൂന്ന് പേര്‍ എല്‍ജെഡിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് രാജിവച്ചു. എല്‍ജെഡി സംസ്ഥാന സെക്രട്ടറിമാരായ അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരാണ് രാജി വച്ചത്.

നേരത്തെ എംവി ശ്രേയാംസ്‌കുമാര്‍ വിഭാഗവും ഷെയ്ഖ് പി ഹാരിസ് വിഭാഗവും തമ്മില്‍ അനുരജ്ഞന ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കം ഇപ്പോള്‍ പരാജയപ്പെട്ടിരിക്കുകയാണ്. അതേസമയം, ഷേയ്ക്ക് പി ഹാരിസ് ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന വി സുരേന്ദ്രന്‍പിള്ള രാജിവച്ചിട്ടില്ല.

രാജിക്കത്ത്

' കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈനില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടന രാഷ്ട്രീയപരമായ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ചില സഖാക്കള്‍ ഉന്നയിച്ചിരുന്നല്ലോ. അതില്‍ പ്രധാനമായും എല്‍ജെഡിയുടെ സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു. അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് ചര്‍ച്ച ചെയ്യാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല. അതിനുശേഷം താങ്കള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ചില മാറ്റങ്ങള്‍ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തു'.

'പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍.ജെ.ഡി എന്ന താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഞാന്‍ രാജി വയ്ക്കുന്നു'.

Tags: