ഷഹബാസ് വധക്കേസ്; വിധി പറയുന്നത് മാറ്റി

Update: 2025-04-08 06:59 GMT

കൊച്ചി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ മര്‍ദിച്ചു കൊന്ന കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി. വെള്ളിയാഴ്ചത്തേക്കാണ് വിധി പറയാന്‍ മാറ്റിയിരുക്കുന്നത്. ജാമ്യം നല്‍കരുതെന്നായിരുന്നു ഷഹബാസിന്റെ കുടുംബവും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കുട്ടികളുടെ പ്രായം കണക്കിലെടുത്ത് പ്രതികള്‍ക്ക് ജാമ്യം നല്‍കണമെന്നാണ് അവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞത്. താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളായ അഞ്ച് പേരെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്.

ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവന്‍ നഷ്ടമായത്. താമരശ്ശേരിയിലെ ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി സെന്റ് ഓഫ് സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഷഹബാസ് പഠിച്ചിരുന്ന എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ഡാന്‍സ് അവതരിപ്പിക്കുകയും അപ്രതീക്ഷിതമായി പാട്ട് നില്‍ക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് താമരശ്ശേരി ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കൂകി വിളിച്ചു. ഇതോടെ രണ്ട് സ്‌കൂളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉടലെടുത്തു. അധ്യാപകര്‍ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞ വ്യാഴാഴ്ച വിദ്യാര്‍ഥികള്‍ വീണ്ടും ഏറ്റുമുട്ടി. ഇതിനിടെയാണ് ഷഹബാസിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ ഷഹബാസ് മരിച്ചു. ഇതിന് പിന്നാലെ പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിദ്യാര്‍ത്ഥികളുടെ അടിയില്‍ ഷഹബാസിന്റെ തലയോട്ടി തകര്‍ത്തുവെന്നുള്ള വിവരം പുറത്തുവന്നിരുന്നു. ആന്തരിക രക്തസ്രാവമായിരുന്നു മരണകാരണം.

Tags: