പാനൂര്‍ ബോംബ് സ്‌ഫോടനം: തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പില്‍

Update: 2024-04-08 08:50 GMT

കോഴിക്കോട് : തിരഞ്ഞെടുപ്പ് വേളയില്‍ പാനൂരില്‍ ബോംബ് സ്‌ഫോടനമുണ്ടായതും പത്തോളം ബോംബുകള്‍ കണ്ടെടുത്തതും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. സുതാര്യമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യം ഒരുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടും.

പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കേണ്ടെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയുടെ വാദം പരിഹാസ്യമാണെന്നും ഷാഫി പറഞ്ഞു. പ്രതികളുടെ പശ്ചാത്തലം ഇതിനോടകം എല്ലാവര്‍ക്കും ബോധ്യമായി കഴിഞ്ഞു. കൊല്ലപ്പെട്ടവരുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് നാട്ടുമര്യാദയല്ല പാര്‍ട്ടി മര്യാദയാണെന്നും ഷാഫി പരിഹസിച്ചു.

പാനൂര്‍ സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം തിരയേണ്ടതില്ലെന്നായിരുന്നു വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയുടെ പ്രതികരണം. ക്രിമിനലായി കഴിഞ്ഞാല്‍ അവരെ ക്രിമിനലുകളായി കണ്ടാല്‍ മതിയെന്നും നല്ല പശ്ചാത്തലമുള്ള കുടുംബങ്ങളില്‍ നിന്ന് പോലും വഴിപിഴച്ച് പോകുന്ന ചെറുപ്പക്കാരുണ്ടെന്നുമായിരുന്നു പ്രതികളെ കുറിച്ച് ശൈലജയുടെ പ്രതികരണം.

സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ടവരുടെ കുടുംബം തന്നെ അവരെ തള്ളിപ്പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, തനിക്കെതിരെ ഉന്നയിക്കാന്‍ മറ്റു വിഷയങ്ങളില്ലാത്തതിനാലാണ് യുഡിഎഫിന്റെ പ്രചാരണമെന്നും ശൈലജ പറയുന്നു. പാനൂര്‍ സ്‌ഫോടനക്കേസിലുള്‍പ്പെട്ടയാള്‍ക്കൊപ്പമുളള ഫോട്ടോ പ്രചരിച്ചതിന് പിന്നാലെയാണ് ശൈലജയുടെ പ്രതികരണം.

Tags: