മഹാരാജാസിലെ എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷം; നാലുപേര്‍ അറസ്റ്റില്‍

Update: 2022-11-03 10:14 GMT

കൊച്ചി:എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ- കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ഥി മാലിക്ക്, പുറത്തു നിന്നെത്തിയ ഹഫീസ് എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ലാ വകുപ്പടക്കം ചേര്‍ത്താണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശക്തമായ നടപടികളുണ്ടാവുമെന്ന് ഡിസിപി എസ് ശശിധരന്‍ പറഞ്ഞു.

അതേസമയം, സംഘര്‍ഷത്തെത്തുടര്‍ന്ന് മഹാരാജാസ് കോളജ് അടച്ചിടാന്‍ തീരുമാനിച്ചു. അനിശ്ചിതകാലത്തേയ്ക്ക് കോളജ് അടച്ചിടാനാണ് കൗണ്‍സില്‍ തീരുമാനം. സര്‍വകക്ഷി യോഗം വിളിക്കാനും തീരുമാനമുണ്ട്. ബുധനാഴ്ച എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. കോളജിലെ രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയിന്‍മേലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. വൈകുന്നേരം കോളജിന് സമീപത്തെ ജനറല്‍ ആശുപത്രിക്ക് മുന്നില്‍വച്ചാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. ജനറല്‍ ആശുപത്രിക്ക് മുന്നില്‍ നടന്ന അടിയുടെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നു.

കോളജിലെ രണ്ട് വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയെത്തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകനായ മാലിക്കും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അമീന്‍ അന്‍സാരിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചത്. തലയ്ക്കടിയേറ്റ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ജിത്ത് അടക്കം 17 പേര്‍ ചികില്‍സയിലാണ്.

അതിനിടെ, കോളജ് വിദ്യാര്‍ഥിയായ മാലിക്കിനെ പോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സഹോദരന്‍ തോപ്പുംപടി പാലത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. മാലിക്കിനെ തെറ്റായി പ്രതിചേര്‍ത്തെന്നാരോപിച്ചാണ് സഹോദരന്‍ കമാല്‍ തോപ്പുംപടി പാലത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരുമണിക്കൂറിന് ശേഷമാണ് കമാലിനെ താഴെ ഇറക്കിയത്.

Tags: