എസ്എഫ്‌ഐ അക്രമം കൊണ്ട് പിടിച്ച് നില്‍ക്കുന്ന സംഘടന; ടിപിയെ കുലംകുത്തിയാക്കിയ മുഖ്യമന്ത്രി തന്നെ പ്രതിചേര്‍ക്കുന്നുവെന്നും സുധാകരന്‍

കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തത്. കുത്തിയത് ആരെന്ന് പോലിസ് കണ്ടെത്തണം. നിഖിലിനെ തള്ളിപ്പറയില്ല.

Update: 2022-01-15 09:10 GMT

തിരുവനന്തപുരം: ധീരജ് വധക്കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ല കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിഖില്‍ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. പൈലി വീഴുമ്പോള്‍ 5 പേരും അടുത്തില്ലായിരുന്നു. ധീരജിനെ കുത്തിയത് ആരെന്ന് ദൃക്‌സാക്ഷികള്‍ക്ക് പറയാനാവുന്നില്ലെന്നും സുധാകരന്‍ തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു.

രക്ഷപ്പെടാന്‍ വേണ്ടിയാണ് നിഖില്‍ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. എല്ലാ നിയമസഹായവും പ്രതികള്‍ക്ക് നല്‍കുമെന്ന് സുധാകരന്‍ വ്യക്തമാക്കി. നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തത് കൊണ്ടാണ് അപലപിക്കാത്തത്. കുത്തിയത് ആരെന്ന് പോലിസ് കണ്ടെത്തണം. നിഖിലിനെ തള്ളിപ്പറയില്ല. ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ സുഖിക്കകയല്ലേയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ അല്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ കരുക്കളാണ് ആ കുട്ടി, നിഖില്‍ പൈലിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഓടിച്ചു. ധീരജ് ഇടി കൊണ്ട് വീണുവെന്നാണ് മൊഴി, ആര് കുത്തി എന്ന് പറയുന്നില്ല. ഇത് കെഎസ്‌യുവിന്റെ തലയില്‍ എങ്ങനെ വരുന്നുവെന്നാണ് സുധാകരന്റെ ചോദ്യം. ധീരജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാത്തതില്‍ പോലിസാണ് മറുപടി പറയേണ്ടതെന്ന് കെപിസിസി അധ്യക്ഷന്‍ പറയുന്നു.

താന്‍ മരണത്തില്‍ ദുഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണ്. ഒരു ജീവന്‍ പൊലിഞ്ഞത് ദുഖകരമായ സംഭവമാണ്. തന്റെ മനസ് കല്ലും ഇരുമ്പുമല്ല, മനുഷ്യത്വം സൂക്ഷിക്കുന്ന മനുഷ്യനാണ്. സിപിഎം തനിക്കെതിരെ ഉന്നയിക്കുന്ന കാര്യങ്ങള്‍ അത്ഭുതകരമാണ്. അക്രമം കൊണ്ട് പിടിച്ച് നില്‍ക്കുന്ന സംഘടനയാണ് എസ്എഫ്‌ഐയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ധീരജിന്റെ മരണത്തില്‍ ദുഖിച്ചില്ലെന്ന് പറയുന്നത് തെറ്റാണ്. ആ കുടുംബത്തെ തള്ളിപ്പറയില്ല, പക്ഷേ അവിടെ പോകാന്‍ പറ്റില്ല. മരിച്ച ഉടന്‍ ശവകുടീരം കെട്ടാന്‍ എട്ട് സെന്റ് സ്ഥലം വാങ്ങി സിപിഎം ആഘോഷമാക്കാന്‍ ശ്രമിച്ചുവെന്നാണ് സുധാകരന്റെ കുറ്റപ്പെടുത്തല്‍. അവിടെ മാത്രമല്ല ആഘോഷം തിരുവാതിര നടത്തി പിണറായിയെ പുകഴ്ത്തിയെന്നും സുധാകരന്‍ ആക്ഷേപിക്കുന്നു.

മരണത്തിലും ആഘോഷം നടക്കുകയാണ്. പിണറായി ഭരണത്തില്‍ 54 കൊലപാതകമുണ്ടായി. ഇതില്‍ 28 എണ്ണത്തില്‍ സിപിഎം പ്രതികളാണ്, 12 ബിജെപി പ്രതികളാണ്. ഒരു കേസ് ലീഗും. ധീരജ് കേസ് മാത്രമാണ് കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കുന്നത്. കേഡര്‍ എന്നാല്‍ ആയുധമെടുത്ത് പോരാടുന്നതല്ല സമര്‍പ്പിത ഭടനാണ് കേഡര്‍ എന്നാണ് ഗാന്ധിജി പറഞ്ഞത്.

ഏത് കൊലപാതകത്തെയാണ് സിപിഎം അപലപിച്ചതെന്ന് ചോദിച്ച സുധാകരന്‍ ടിപിയെ കുലംകുത്തിയെന്ന് വിളിച്ച അഹിംസാവാദികളാണ് തന്നെ പ്രതിചേര്‍ക്കുന്നതെന്നും കുറ്റപ്പെടുത്തി. മരണാസന്നനായ ഒരാളെ ആശുപത്രിയിലെത്തിക്കാത്ത പോലിസാണ് മരണത്തിന് കാരണം. കേസില്‍ അറസ്റ്റിലായ 5 പേര്‍ക്ക് കൊലപാതകവുമായി ഒരു ബന്ധവുമില്ലെന്ന് വീണ്ടും സുധാകരന്‍ ആവര്‍ത്തിച്ചു.

Tags: